റമദാൻ ചിന്തകൾ
✍🏻 ഐകെപി ഇരിക്കൂർ
പരിചയയാകുന്ന പ്രകാശ വളയങ്ങൾ
വീശിയടിക്കുന്ന കാറ്റിൽ ചാഞ്ഞും ചെരിഞ്ഞും ഭയാനകത സൃഷ്ടിക്കുന്ന വിധം ഇടതൂർന്ന് നിൽക്കുന്ന വൻമരങ്ങൾ,
കല്ലുകൾ പാകി ഒരുക്കി വെച്ചതെങ്കിലും മഴച്ചാലുകൾ തീർത്ത വഴുവഴുപ്പ് ബാക്കി നിൽക്കുന്ന പാതയോരങ്ങൾ,
തലങ്ങും വിലങ്ങും ചീറിയോടുന്ന പല തരം വാഹനങ്ങൾ...
ഇടക്കെപ്പോഴൊക്കെയോ മിന്നിയറിയിക്കുന്ന
വഴി വിളക്കുകളും.....
ഇങ്ങനെയൊക്കെയാണ് ജീവിത യാത്രയിൽ കടന്നു വരുന്ന മിക്ക വഴിക്കാഴ്ചകളും. ....
ചിലപ്പോഴൊക്കെ വർണ്ണപ്പകിട്ടാർന്ന തോരണങ്ങൾ നിറഞ്ഞ രാജപാതയും അംബര ചുംബികളായ മണിഗോപുരങ്ങളും കടന്നു വന്നിട്ടുണ്ട്...
പക്ഷെ യഥാർത്ഥ ലക്ഷ്യത്തിലേക്കുള്ള വഴിദൂരവും സമയവും നിശ്ചിതങ്ങളായതിനാൽ അവയെയൊന്നും നോക്കി നിൽക്കാൻ സമയമില്ലായിരുന്നു.
മാത്രമല്ല, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ പലതും ബോധതലങ്ങളെ മയക്കം വരുത്തുന്നവയും തീർത്തും നൈമിഷികങ്ങളുമായിരുന്നു
അല്ലെങ്കിലും നൈമിഷിക ജീവിതാസ്വാദനങ്ങൾക്ക് പകരം നിത്യതയുടെ വസന്ത കാലമാണല്ലോ ഈ യാത്രാ ലക്ഷ്യം തന്നെ....
സൂക്ഷ്മതയുടെ കാലടിവെപ്പ് അതിന്റെ അനിവാര്യതയും
ഒറ്റക്കായിരുന്നില്ല.
ഇങ്ങനെ ഒരേ ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ച ഒട്ടേറെപേർ കൂടെയുണ്ട്
സഹയാത്രികരോടൊപ്പം പരിചയമില്ലാത്ത മറ്റു പലരും സംഘത്തെ അനുഗമിക്കുന്നുണ്ടായിരുന്നു
കാഴ്ചയിൽ സുസ്മേരവദരരും സൗമ്യശീലരെന്നു തോന്നിപ്പിക്കുന്നവർ
അവർ പക്ഷെ, നമ്മുടെ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരായിരുന്നില്ല
ആണെങ്കിൽ വഴിയോരങ്ങളിലെ നൈമിഷികവർണ്ണങ്ങളിലേക്ക് നമ്മെയവർ ക്ഷണിക്കില്ലായിരുന്നല്ലോ
അതും അവയൊക്കെയും *നിത്യത* യുള്ളതാണെന്ന് നമ്മെ തെറ്റിദ്ധരിപ്പിച്ച്.....
കാല്പാദങ്ങളുടെ വേദനയോ ശരീരത്തിന്റെ ക്ഷീണമോ യാത്രയിൽ ഒട്ടും പ്രതിസന്ധിയായിരുന്നില്ല,
പക്ഷെ എത്ര നിരസിച്ചാലും വീണ്ടും വന്ന് പ്രലോഭിപ്പിക്കുന്ന ഇക്കൂട്ടർ ഒരു ശല്യമായിരുന്നു.
ഫലിക്കില്ലെന്നു വന്നപ്പോൾ ചിലപ്പോഴൊക്കെ അവർ ഭയപ്പെടുത്താനും ശ്രമിക്കുന്നുണ്ട്...
വഴിയടയാളങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞുള്ള യാത്ര തന്നെയായിരുന്നു നമ്മുടേത്,
അതുകൊണ്ടാണല്ലോ പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും വക വെക്കാതെ മുന്നോട്ടു പോകാനാവുന്നതും...
ഇടക്കൊരല്പം നീണ്ട *സുന്ദരപാത* യുണ്ടെന്നു നാം അറിയിക്കപ്പെട്ടിട്ടുണ്ട്..
വഴിയിൽ പലപ്പോഴും നാമത് താണ്ടിയിട്ടുമുണ്ട്..
കുറച്ചകലെ വെച്ച് തന്നെ അതിന്റെ സൂചനാ ബോർഡുകൾ കാണാനാവും. ഇരു വശവും ഇരുമ്പു വേലികൾ പിടിപ്പിച്ച പ്രസ്തുത വഴിയുടെ ഒരു വശത്തു സുന്ദരമായ കാഴ്ചകൾ ഒരുക്കി വെച്ച വൈവിദ്ധ്യമാർന്ന പൂക്കളുടെ പൂങ്കാവനവും മറുവശത്തെ വൃത്തി ഹീനമായ സകല കാഴ്ചകളേയും നന്നായി മറച്ചു വെച്ച മറവിരികളും...
കൗതുകവും സുന്ദരവുമായ പല കാര്യങ്ങളും ആ പാതയിൽ കാണാനാവും, മനഃശാന്തി പകർന്നു കിട്ടുന്ന ചില സവിശേഷതകളെ എടുത്തു പറയേണ്ടതാണ്,
നേരത്തെ പറഞ്ഞ ശല്യക്കാരെ മുഴുവൻ പാതക്കിരുവശമുള്ള കമ്പിവേലികളിൽ ബന്ധനസ്ഥരാക്കി വെച്ചിരിക്കുന്നതാണതിൽ പ്രധാനം..
യാത്രക്കാരെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്ന കപടനാട്യക്കാരായ അവർ വൃത്തികെട്ട ചെകുത്താൻ മാരായിരുന്നുവെന്ന് വ്യക്തമാവുന്ന ഒരു രംഗമാണത്
ബന്ധനസ്ഥരല്ലെങ്കിലും അവർക്ക് ചുറ്റും വട്ടമിട്ടു വിലപിക്കുന്ന ചില കുട്ടിപിശാചുക്കളെയും നമുക്കവിടെ കാണാനാവും. അവർക്ക് പക്ഷെ നമ്മെ നേരിട്ട് ഉപദ്രവിക്കാനുള്ള കെൽപ്പില്ലായിരുന്നു. എന്നാൽ നമ്മിലെ ചില ദുർബല മനസ്സുകളെ അവർ ശല്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്....
നീണ്ട ഒരു മാസക്കാല വഴി ദൂരമുണ്ട് ആ പാതക്ക്...
ഇടയ്ക്കിടെ സുഗന്ധപൂരിതങ്ങളായ പ്രാർത്ഥനാ കേന്ദ്രങ്ങൾ...
അവിടങ്ങളിലൊക്കെയും സ്നേഹോഷ്മളത പങ്കു വെക്കുന്നവരും സ്നേഹം വിളമ്പുന്ന പരിചാരകരും, അവർ നിത്യവസന്തം നിറഞ്ഞ നമ്മുടെ ലക്ഷ്യ സ്ഥാനത്തിന്റ മഹത്വം പാടിയും പറഞ്ഞും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും
ഓരോ ദിവസ പിന്നിടുമ്പോഴും നമ്മിൽ സംഭവിക്കുന്ന മറ്റൊരു സവിശേഷതയുമുണ്ടവിടെ...
ആദ്യ ദിവസം തന്നെ നാം ഒരു പ്രകാശ വലയത്താൽ ചുറ്റപ്പെടും,
ദിവസം തോറും അതിന്റെ ശക്തിയും വട്ടവും കൂടി വന്നു കൊണ്ടിരിക്കും
എന്താണിതെന്നും എന്തിനാണിതെന്നും അപ്പോൾ നമുക്ക് തിരിച്ചറിയാനാവില്ല
പക്ഷെ അധികം വൈകാതെ അത് നാം തിരിച്ചറിയും
ആ പാതക്ക് ശേഷം നമുക്ക് കടന്നു പോകാനുള്ള മറ്റൊരു പാതയിലേക്ക് പ്രവേശിക്കുന്ന അന്ന്
നേരത്തെ നാം താണ്ടിയ അതേ പാതയാണെങ്കിലും അവിടെയും ചില പ്രത്യേകതകൾ നമ്മെ കാത്തിരിപ്പുണ്ട്
കാലെടുത്തു വെക്കുന്നതോടെ പിന്നിൽ നിന്നൊരാരവം കേൾക്കാനാവും അഴിച്ചുവിടപ്പെട്ട ശല്യക്കാരായ പിശാചുക്കൾ പാഞ്ഞടുക്കുന്ന ശബ്ദം സകല സഹായികളെയും കൂട്ടിയാണ് അവർ ആർത്തിരമ്പി കുതിച്ചു വരുന്നത്
പക്ഷെ പെട്ടെന്ന് അവർ സ്തംബ്ദരായിപ്പോവുന്നു
ഒരു നിശ്ചിത അകലത്തിന് ശേഷം അവർക്ക് നമ്മിലേക്ക് അടുക്കനാവുന്നില്ല നമുക്ക് വേണ്ടി ശക്തമായ പ്രതിരോധം തീർക്കുന്ന എന്തോ ഒന്ന് അവരെ തടഞ്ഞു നിർത്തുന്നു
അപ്പോഴാണ് ബോധ്യപ്പെടുക
നേരത്തെ നമ്മിൽ രൂപപ്പെട്ട പ്രകാശ വളയങ്ങൾ... അവയാലാണ് നാം സംരക്ഷിച്ചു നിർത്തപ്പെടുന്നത്...
നമ്മിൽ ചിലരിലേക്ക് വളരെയടുത്തു വരെ പിശാചുക്കൾക്ക് എത്തിനിൽക്കാനാവുന്നുണ്ട് എന്നാൽ മറ്റു ചിലർ ഇവരുടെ ശല്യം വകവെക്കുന്നേയില്ല.. അത്രയും ദൂരത്തുവെച്ചു തന്നെ അവർ തടയപ്പെട്ടിരിക്കുന്നു..
വേറൊന്നു കൂടി നമുക്കപ്പോൾ ബോധ്യമാവുന്നുണ്ട് .. ഈ പ്രകാശവളയങ്ങൾ നേതൃത്വം കൊടുക്കുന്നത് അദൃശ്യ ലോകത്ത് മാലാഖമാർ അണി നിരന്നു കൊണ്ടാണെന്ന്...
എല്ലാം കണ്ടും കേട്ടും നിയന്ത്രിച്ചും നമ്മെ കാത്തിരിക്കുന്ന സർവ്വാധിനാഥനായ പടച്ചറബ്ബും....💕
0 Comments