✍🏻 മുഹ്സിൻ ഇരിക്കൂർ
ഇരിക്കൂർ : ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ ഇരിക്കൂർ ജനത വിറങ്ങലിച്ചിരിക്കുന്നു. വെള്ളിയാഴ്ച നടന്ന രണ്ട് അപകടങ്ങൾ ഇരിക്കൂറിനെ നടുക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അമിത വേഗതയിൽ വന്ന ടോറസ് ലോറി ഇടിക്കുകയും പിറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രിക എ.പി.താഹിറ അതിദാരുണമായി മരണപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച തന്നെ ഇരിക്കൂർ നിലാമുറ്റത്ത് വെച്ച് ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയും ബൈക്ക് യാത്രികന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ ഇരിക്കൂറിൽ രണ്ട് വലിയ അപകടങ്ങളാണ് സംഭവിച്ചത്.
ചീറിപ്പായുന്ന ടിപ്പർ ലോറികൾ : അപകടങ്ങൾ തുടർക്കഥ
➖➖➖➖➖➖➖➖➖
ടിപ്പർ ലോറികളുടെ അമിതവേഗതയാണ് ഈ അപകടങ്ങൾക്കെല്ലാം കാരണമാകുന്നത്. എന്നാൽ അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ ജനരോക്ഷം ഉയരുകയാണ്.ഒരു മാസം മുമ്പ് ചൂളിയാട് കടവിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചതിന്റെ വേദനമാറും മുൻപാണ് തൊട്ടടുത്ത ഇരിക്കൂർ ടൗണിൽ വലിയ രണ്ട് അപകടങ്ങൾ സംഭവിച്ചിരിക്കുന്നത്. രണ്ട് സ്ഥലത്തും അപകടങ്ങൾക്കിടയാക്കിയത് ക്വാറികളിൽ നിന്നുള്ള ലോറികളുടെ അമിത വേഗം. കരിങ്കൽ ഉൽപന്നങ്ങളുമായി നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ടിപ്പർ ലോറികൾ ചീറിപ്പായു കയാണ്.
രാവിലെ 8.30 മുതൽ 10 വരെ യും വൈകിട്ട് 3.30 മുതൽ 5 വരെ യും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഓടാൻ അനുമതി
യില്ലാത്തതിനാൽ ഇതിന് മുൻപ് പരമാവധി ലോഡ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോ റികളുടെ ഓട്ടം. ഇന്നലെ ലോഡ് ഇറക്കിയ ശേഷം ലോറി ക്വാറിയിലേക്ക് പോകുന്നതിനിടെയായിരുന്നു താഹിറയുടെ മരണത്തി നിടയാക്കിയ അപകടം.ദിവസവും നൂറിലേറെ ടിപ്പർ ലോറികളാണ് ഇരിക്കൂർ വഴി ഓടുന്നത്.മിക്ക മദ്രസകളും രാവിലെ 6.30 മുതൽ പ്രവർത്തിക്കുന്നവയാണ്. ഈ സമയം മുതൽ ഇത്തരം ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇരിക്കൂർ ഹൈസ്കൂൾ റോഡിലൂടെ സ്കൂൾ സമയത്ത് ടിപ്പർ ലോറികൾക്ക് പ്രവേശനമില്ലാത്തതിനാൽ പട്ടീൽ, മാമാനം കല്യാട് റോഡുകളിലൂടെയാണ് ഭാരമുള്ള കല്ലും വണ്ടി പോകുന്നത്. ഇത് സ്കൂൾ ബസ്സിനും നടന്ന് പോകുന്ന സ്കൂൾ വിദ്യാർത്ഥികൾക്കും അപകട ഭീഷണിയായിരിക്കുകയാണ്.
സീബ്രാ ലൈനും ബാരിക്കേഡും അനിവാര്യം
➖➖➖➖➖➖➖➖➖➖➖
ഇരിട്ടി തളിപ്പറമ്പ് അന്തർസംസ്ഥാന പാതയിലെ റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുതായി ടാറിങ് നടത്തുകയും വീതി കൂട്ടുകയും ചെയ്തിരുന്ന സമയത്ത് നിലവിൽ ഇരിക്കൂർ ടൗണിന്റെ ഹൃദയഭാഗത്ത് ഉണ്ടായിരുന്ന സീബ്രാലൈൻ പുനഃസ്ഥാപിക്കാത്തത് കാരണം സ്കൂൾ വിദ്യാർഥികളും പൊതുജനങ്ങളും ജീവൻ പണയം വച്ചാണ് റോഡിനു കുറുകെ കടക്കുന്നത്.തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന ഈറോഡിൽ അപകടങ്ങൾ ഒഴിവാകുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. അടിയന്തരമായി ഇരിക്കൂർ ടൗണിലെ ചവിടികുന്ന് റോഡിനു സമാന്തരമായി സീബ്രാലൈൻ വരച്ച് വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി കൈക്കൊള്ളണമെന്നും ഇരിക്കൂർ പാലം മുതൽ ബസ്സ്റ്റാൻ്റ് വരെയുള്ള സ്ഥലത്തെ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപെട്ടു.
മുൻകരുതൽ അനിവാര്യം
➖➖➖➖➖➖➖➖➖
ഇരിക്കൂർ പാലം മുതൽ ബസ്സ്റ്റാൻ്റ് വരെയുള്ള സ്ഥലത്ത് കാൽനടയാത്രക്കാരന് നടന്ന് പോകാൻ പോലും കഴിയാത്ത നിലയിൽ അലക്ഷ്യമായി അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു.വാഹന പാർക്കിംഗിന് ഇരിക്കൂറിൽ മതിയായ സൗകര്യമില്ലാത്തതും
ഉള്ള പരിമിതമായ സ്ഥലത്ത് ടാക്സി വാഹനങ്ങൾ കുട്ടത്തോടെ നിർത്തിയിട്ടിരിക്കുന്നതും ബസ്സുകൾ റോഡിൻ്റെ നടുവിൽ തന്നെ നിർത്തുന്നതും പിന്നാലെ വരുന്ന ചെറുതും വലുതുമായ വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.ഇരുവശങ്ങളിൽ നിന്നും അസഹ്യമായ ശബ്ദത്തിൽ ഹോൺ മുഴക്കുന്നത് കടക്കാർക്കും നാട്ടുകാർക്കും വളരെയേരെ ശല്യവുമുണ്ടാക്കുന്നു. വെള്ളിയാഴ്ച്ചകളിൽ പ്രാർത്ഥനക്ക് വരുന്നവർക്ക് വാഹന പാർക്കിംഗ് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ അവരും റോഡ് സൈഡ് തന്നെയാണ് ആശ്രയിക്കുന്നുത്.
അധികൃതരുടെ ഇടപെടൽ അനിവാര്യം
➖➖➖➖➖➖➖➖
ഇരിക്കൂർ പാലം മുതൽ ബസ്റ്റാൻഡ് വരെയുള്ള സ്ഥലത്തെ ഇരു ഭാഗത്തുമുള്ള അലക്ഷ്യമായ അനധികൃതമായ പാർക്കിങ്ങ് അവസാനിപ്പിക്കുകയും
ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിനെതിരെ അധികൃതർ കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ ആവർത്തിച്ചു കൊണ്ടേയിരിക്കും. ദുരന്തം വന്നണയുന്നതിനു മുമ്പ് നമുക്ക് കരുതലുകൾ സ്വീകരിക്കാം...
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments