ഇരിക്കൂർ : മണ്ണൂർ പാലത്തിന്റെ താഴെ ഇരു കരകളിലും പുഴയിലുമായി ദിനംപ്രതി കടകളിലെയും വീടുകളിലെയും മാലിന്യങ്ങളും തള്ളുന്നത് കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലാത്തതിനാൽ ഇവിടം മാലിന്യ കൂമ്പാരമായിരിക്കുകയാണ്.
സമീപപ്രദേശങ്ങളിൽ നിന്ന് വീടുകളിലേയും കടകളിലേയും വീട് നിർമ്മാണ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും കല്യാണ മാലിന്യങ്ങളും അറവ് മാലിന്യങ്ങളും തള്ളുമ്പോൾ പഞ്ചായത്ത് അധികൃതർ നോക്കുകുത്തികളായി മാറുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മണ്ണൂർ പുഴയുടെ സമീപത്ത് മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമായതിനാൽ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയായിരിക്കുകയാണിവിടം. ഈ മാലിന്യങ്ങൾ കാരണം തെരുവുനായ്ക്കളുടെ ശല്യവും ദുർഗന്ധവും കൊണ്ട് വീർപ്പുമുട്ടുകയാണ്.ഇതു വഴിയിലൂടെയുള്ള യാത്ര അതീവ ദുസ്സഹമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് മണ്ണൂർ പാലത്തിന്റെ പരിസരങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും പുഴയെ മാലിന്യമുക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
0 Comments