വിസ്ഡം യൂത്ത് ഹദീസ് സെമിനാർ സമാപിച്ചു
ഇരിക്കൂർ : മാനവരാശിയെ ചൂഷണ വിധേയമാക്കുന്ന എല്ലാ കാര്യങ്ങളെയും നിരാകരിക്കുന്ന വിശുദ്ധ ജീവിതരേഖയാണ് പ്രവാചകചര്യയെന്ന് വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ ഇരിക്കൂർ ഈമാൻ പള്ളി ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഹദീസ് സെമിനാർ അഭിപ്രായപ്പെട്ടു. 
'യുവത്വം നിർവചിക്കപ്പെടുന്നു' എന്ന പ്രമേത്തിൽ 
ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ പ്രചാരണ ഭാഗമായാണ് ഹദീസ് സെമിനാർ സംഘടിപ്പിച്ചത്.

മദ്യവും വ്യഭിചാരവും പലിശയും അടങ്ങുന്ന എല്ലാ ചൂഷണ മാർഗങ്ങളെയും പ്രവാചകൻ കർശനമായി നിരോധിച്ചതിനാലാണ് ചൂഷകരായ മാഫിയകളും സാമ്രാജ്യത്വവും ഇസ് ലാമിന് ഭീകരതയുടെ പരിവേഷം നൽകുന്നതെന്ന് പ്രമേയം അഭിപ്രായപ്പെട്ടു.

കൃത്രിമ ബുദ്ധിയുടെ ആധുനിക കാലഘട്ടത്തിലും മനുഷ്യ ജീവിതത്തിന് പ്രായോഗിക മാർഗങ്ങൾ പകർന്ന് നൽകി കൊണ്ട് പ്രവാചക ജീവിത പാഠങ്ങൾ ജ്വലിച്ച് നിൽക്കുന്നുവെന്നും ഹദീസുകൾക്ക് പൂർവ്വീകർ നൽകിയ വ്യാഖ്യാനങ്ങളെയും സമീപനങ്ങളെയും തിരസ്കരിച്ച് കൊണ്ട് നിഷേധത്തിന് വഴിമാറുന്ന വ്യതിയാനകക്ഷികളെ തിരിച്ചറിയാൻ വിശ്വാസി സമൂഹത്തിനാകണമെന്നും സെമിനാർ ആവശ്യപെട്ടു.

ശത്രുക്കളോട് പ്രതികാരത്തിന് അവസരമുണ്ടായിട്ടു പോലും അൽഭുതകരമായി മാപ്പ് നൽകിയ പ്രവാചകന്റ ജീവിതം പിന്തുടരുന്നത് സമാധാനത്തിന്റ മാർഗത്തിലുടെ ജീവിതത്തെ ക്രമീകരിക്കാനാകും.പ്രവാചക ജീവിത പാഠങ്ങളെ ഹൃദയങ്ങളിലേക്ക് സ്വീകരിച്ച കഴിഞ്ഞ കാല മലയാളീ പ്രബുദ്ധതയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന വെറുപ്പിന്റെ വാക്താക്കളെ തിരിച്ചറിയണമെന്നും ഹദീസ് സെമിനാർ അഭിപ്രായപ്പെട്ടു.

സെമിനാർ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി ഉദ്‌ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി അധ്യക്ഷത വഹിച്ചു.സി.പി. സലീം, ശബീബ് സ്വലാഹി, അജ്മൽ ഫൗസാൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഖാദർ, കൺവീനർ റഫീഖ് മട്ടന്നൂർ എന്നിവർ സംസാരിച്ചു.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913