പ്രായത്തെ വെല്ലുവിളിച്ച് ഇസ്മായിൽ മാഷ് ഇപ്പോഴും തിരക്കിലാണ്

✍🏻മുഹ്സിൻ ഇരിക്കൂർ

ഇരിക്കൂർ : ഔദ്യോഗിക അധ്യാപന ജീവിതത്തിൽ നിന്ന് പിരിഞ്ഞിട്ടും നൂറുകണക്കിന് വിദ്യാർഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന തിരക്കിലാണ് ഇരിക്കൂർ ബ്ലാത്തൂർ സ്വദേശി കെ.ഇസ്മായിൽ മാഷ്.
 പഠിച്ച ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തന്നെ ഹിന്ദി അധ്യാപകനായി ജോലി ചെയ്ത ഇസ്മായിൽ മാസ്റ്റർ 2019ൽ നെടുങ്ങാം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് റിട്ടയർ ചെയ്തത്. അതിനുശേഷം നന്തി ദാറുസ്സലാം തർഖിയ്യ, വടക്കെ പൊയിലൂർ, പ്രാദേശിക ട്യൂഷൻ സെന്ററുകളിലും ഓൺലൈനായും നൂറുകണക്കിന് വിദ്യാർഥികളെ പഠിപ്പിക്കുന്ന തിരക്കിലാണ് അദ്ദേഹം.
ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1982 ൽ എസ്എസ്എൽസി പാസായ ശേഷം തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് പ്രീ ഡിഗ്രി പാസാവുകയും അവിടെത്തന്നെ ബി.എസ്.സി സുവോളജിക്ക് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് അഫ്സലുൽ ഉലമ എഴുതി നൂഞ്ഞേരി എഎൽപി സ്കൂളിൽ താൽക്കാലിക അറബിക് അധ്യാപകനായി 6 വർഷം ജോലി ചെയ്തു. അപ്പോഴും മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമായിരുന്നു ഹിന്ദി അധ്യാപകനാവുക എന്നത്.ഹിന്ദിയിൽ പ്രവീൺ കോഴ്സ് പൂർത്തിയാക്കി പി.എസ്. സി വഴി 1991 നവംബറിൽ തടിക്കടവ് ജിയുപി സ്ക്കൂളിൽ ഹിന്ദി അധ്യാപകനായി ഔദ്യോഗിക അധ്യാപന ജീവിതം ആരംഭിച്ചു.

അധ്യാപനത്തിനിടയിൽ മട്ടന്നൂർ കോളേജിൽ നിന്ന് ബിഎ ഹിന്ദി, കണ്ണൂർ ബിഎഡ് സെന്ററിൽ നിന്ന് ബിഎഡ്,കേരള യൂനിവേഴ്സിററിയിൽ നിന്ന് ഹിന്ദിയിൽ എംഎ, സെറ്റ് എന്നിവ പാസ്സാവുകയും ചെയ്തു.നിടിയെങ്ങ ജിയുപി, ജിഎച്ച്എസ്എസ് ഇരിക്കൂർ, ജിഎച്ച്എസ്എസ് കൊയ്യം എന്നീ സ്ക്കൂളുകളിലും എച്ച്എസ്എസ്ടി പ്രൊമോഷനായി തലശ്ശേരി കാവുംഭാഗം ഹയർ സെക്കണ്ടറിയിലും തുടർന്ന് നെടുങ്ങോം ഹയർസെക്കൻഡറി സ്കൂളിലും അധ്യാപകനായി ജോലി ചെയ്യുകയും അവിടെ നിന്ന് 2019 ൽ റിട്ടയർ ചെയ്യുകയും ചെയ്തു.പത്താം ക്ലാസ് തുല്യതാ പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് തുടർച്ചയായി 7 വർഷം ഹിന്ദി അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 റിട്ടയർമെന്റിന് ശേഷം അധ്യാപനത്തോടൊപ്പം സ്കൂൾ,കോളേജ്,സിബിഎസ്ഇ, കേരളോത്സവം എന്നീ മത്സര വേദികളിൽ മാപ്പിള കലകളിൽ വിധികർത്താവായും പരിശീലകനായും സേവനമനുഷ്ഠിക്കുന്നു.2019 ൽ പാനൂർ ഗുരുസന്നിധി സ്റ്റേഡിയത്തിൽ 1000 സ്ത്രീകൾ അണിനിരന്ന മെഘാ ഒപ്പന പരിശീലിപ്പിച്ച് ജനശ്രദ്ധ നേടി.2018ൽ കെഎസ്ടിഎ സംസ്ഥാന അധ്യാപക മത്സരത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

പ്രായം പഠിക്കുവാൻ തടസ്സമല്ല എന്ന് തെളിയിച്ചുകൊണ്ട് 2019 ൽ റിട്ടയർമെന്റിന് ശേഷമാണ് മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എ അറബിക്ക് ബിരുദം ഫസ്റ്റ് ക്ലാസോടെ കരസ്ഥമാക്കിയത്.നിലവിൽ ഇസ്മായിൽ മാഷ് മാപ്പിള കലയിൽ പിഎച്ച്ഡി പഠിക്കുവാനാണ് ഉദ്ദേശിക്കുന്നത്. മത സാമൂഹിക സാംസ്കാരിക മേഖലകളിൽ നേതൃപരമായ പങ്കും മാഷ് നിർവഹിക്കുന്നുണ്ട്.

കെ.മറിയമാണ് ഭാര്യ,മക്കൾ : സുഹൈൽ ( അധ്യാപകൻ,ജിഎച്ച്എസ്എസ് അഴീക്കോട്), ജുമൈൽ,നുഫൈൽ (എഞ്ചിനീയർമാർ)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913