ഇരിക്കൂറിന് പുതിയപാലം : പ്രതീക്ഷയോടെ ഇരിക്കൂർ നിവാസികൾ


✍🏻 മുഹ്സിൻ ഇരിക്കൂർ

ഇരിക്കൂർ : അര നൂറ്റാണ്ട് മുമ്പ് പണിത ഇരിക്കൂർ പാലം തകർച്ചയുടെ വക്കിലെത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലയെന്ന പരാതിക്കൊടുവിൽ ഇരിക്കൂറുകാർക്ക് പുതിയ പാലം എന്ന ചിരകാല സ്വപ്നം പൂവണിയാൻ പോകുന്നു. ഇരിക്കൂര്‍ പാലത്തിന്റെ ശോചനീയവസ്ഥ കണക്കിലെടുത്ത് പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള ഇന്‍വസ്റ്റിഗേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫിന്റെ സബ്മിഷന് മറുപടിയായി നിയമസഭയില്‍ അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇരിക്കൂർ നിവാസികൾ വലിയ പ്രതീക്ഷയിലാണുള്ളത്.

  ജനങ്ങളുടെ നിരന്തരമായ മുറവിളികൾക്ക് ശേഷമാണ് ഇരിക്കൂർ പാലത്തിന്റെ ഉപരി തല ടാറിങ് പ്രവർത്തനങ്ങൾ നടത്തിയത്.അരനൂറ്റാണ്ട് മുമ്പ് പണിത പാലത്തിന്റെ അതിശക്തമായ കുലുക്കം ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഇരിക്കൂർ പാലത്തിന്റെ ബല പരിശോധന നടത്തിയ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരിക്കൂർ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി പണം പാഴാക്കാതെ സമാന്തരമായി പുതിയ പാലം പണിയുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടുവെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു.


കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും വലുതും പ്രാധാന്യമുള്ളതുമായ ഇരിക്കൂര്‍ പാലം അപകടാവസ്ഥയിലാണെന്നും കാലപ്പഴക്കത്താല്‍ പാലത്തിന് ബലക്ഷയം സംഭവിച്ചെന്നും ബജറ്റ് പ്രോപ്പോസലായി ഈ പാലം നല്‍കിയിരുന്നെങ്കിലും ടോക്കണ്‍ മാത്രമാണ് അനുവദിച്ചതെന്നും എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ചു.

മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ കിഫ്ബി ഏറ്റെടുത്തിരുന്നെങ്കിലും നവീകരിക്കാന്‍ പ്രായോഗികമല്ലന്ന കാരണത്താല്‍ ഒഴിവാക്കിയിരുന്നു. ഈ റോഡുകള്‍ക്ക് പകരമായി ഇരിക്കൂര്‍ പാലം കിഫ്ബി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. ധനകാര്യ വകുപ്പ് മന്ത്രിക്കും, ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നെങ്കിലും ഇതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
 അറ്റകുറ്റപ്പണി നടത്തി പണം പാഴാക്കാതെ എത്രയും വേഗം സമാന്തരമായി പാലം പണിയണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള ഇന്‍വസ്റ്റിഗേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരിക്കുന്നത്