ഇരിക്കൂറിൽ കാർഷിക ബജറ്റ്

ഇരിക്കൂര്‍ : കര്‍ഷകരെയും സാധാരണക്കാരെയും ഭിന്നശേഷിക്കാരെയും പരിഗണിക്കുന്നതുമായ ഇരുപതോളം പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റ് അവതരിപ്പിച്ച് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്.

തനത് വരുമാനവും സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ വിഹിതവും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഹിതവും സമൂഹത്തിന്റെ ഫലപ്രദമായ ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമായാണ് ഇത്തവണത്തെ ബജറ്റിന് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. 11,73,014 മിച്ചവും 8,48,27,614 രൂപ വരവും 8,37,24,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ വിവരസാങ്കേതിക വിദ്യകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനായി ഐ ടി പാര്‍ക്കിന് പത്ത് ലക്ഷവും വനിതകള്‍ക്കായി സിന്തറ്റിക് നാപ്കിന്‍ സൗജന്യ പദ്ധതിക്കായി അഞ്ച് ലക്ഷവും വകയിരുത്തിയപ്പോള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനുമായി ഇരിക്കൂര്‍ അഗ്രിഫെസ്റ്റ് എന്ന നൂതന പദ്ധതിക്കായി എട്ടുലക്ഷവും ക്ഷീര കര്‍ഷകര്‍ക്കായി മൊബൈല്‍ വെറ്റിനറി യൂണിറ്റിന് അഞ്ച് ലക്ഷവും വകയിരുത്തി. മാത്രവുമല്ല ക്ലീന്‍ ഇരിക്കൂർ -ഗ്രീന്‍ ഇരിക്കൂര്‍ പദ്ധതിക്ക് രൂപം കൊടുക്കുന്നതിന് അഞ്ച് ലക്ഷവും ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ലക്ഷവും വകയിരുത്തിയപ്പോള്‍ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഡയാലിസീസ് രോഗികള്‍ക്ക് സൗജന്യ മരുന്നും കിറ്റും നല്‍കുന്നതിനായി കനിവ് പദ്ധതിക്ക് അമ്പത് ലക്ഷം രൂപ വകയിരുത്തിയത് സാധാരണക്കാരോടുള്ള, അവരുടെ ആരോഗ്യരംഗത്തുള്ള കരുതലിന്റെ സുപ്രധാന ചുവടുവെപ്പായി മാറുകയാണ്.
പട്ടിക ജാതി-വര്‍ഗ കോളനികളുടെ വികസനത്തിനായി ഒപ്പം പദ്ധതിക്കും വനിതകള്‍ക്കായി അപ്പാരല്‍ പാര്‍ക്കിനും വകയിരുത്തിയത് ഇരുപത് ലക്ഷം രൂപ വീതമാണ്. കുടിവെള്ളത്തിന്റെ ശുദ്ധി പരിശോധിക്കാന്‍ മൊബൈല്‍ കുടിവെള്ള പരിശോധന ലാബ്, മിനറല്‍ വാട്ടര്‍ യൂണിറ്റ്, വയോജനസൗഹൃദം, ഓപ്പണ്‍ ജിം, യുവജന ക്ലബ്ബുകള്‍ക്ക് ഉപകരണങ്ങള്‍ തുടങ്ങി ജനകീയ ബജറ്റാണ് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ് ലിസി അവതരിപ്പിച്ചത്. പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബേബി തോലാനി, കെ.പി രേഷ്മ, പി.കെ മുനീര്‍, സെക്രട്ടറി ആര്‍ അബു എന്നിവര്‍ സംസാരിച്ചു