⚫ സ്മരണാഞ്ജലി 
മായില്ല മായൻ ഹാജി....
(2021 ൽ ഇരിക്കൂർ വാർത്തയിൽ പ്രസിദ്ധീകരിച്ച സമീർ കിത്തടത്ത് എഴുതിയ സി.സി മായൻ ഹാജിയുടെ ജീവ ചരിത്ര കുറിപ്പ് വിട പറഞ്ഞ അദ്ദേഹത്തിൻ്റെ മായാത്ത ഓർമ്മൾക്ക് മുമ്പിൽ ഒരിക്കൽ കൂടി പുന പ്രസിദ്ധീകരിക്കുന്നു.) 


◼️1993ൽ, പാൻക്രിയാസിൽ വന്ന ഗുരുതര രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ പ്രശസ്ത സ്വകാര്യ ആശുപത്രിയിൽ ഒരു മേജർ സിസേറിയൻ നടന്നു,പാൻക്രിയാസ് പൂർണ്ണമായും സിസേറിയനിലൂടെ എടുത്തു കളഞ്ഞു കൊണ്ട്, രോഗിയുടെ കൂടെ വന്ന സുഹൃത്തുക്കളോട് ഡോക്ടർ ദു:ഖകരമായ ഒരു വാർത്ത പങ്കുവെച്ചു. 'ഈ പേഷ്യൻ്റിന് ഇനി അധികകാലം ജീവിതമില്ല' ഏതാനും മാസങ്ങൾ മാത്രം! കൃത്യമായി പറഞ്ഞാൽ 1995 ഡിസംബറോടെ മരണം ഇദ്ധേഹത്തെ കൊണ്ടു പോകും!!. 

ഡോക്ടറുടെ വാക്കുകൾ നിർവികാരത്തോടെ അയാൾ ഉൾക്കൊണ്ടു. അയാൾ മരണത്തെ രണ്ടു കൈയ്യും നീട്ടി പുഞ്ചിരിയോടെ സ്വീകരിക്കാൻ തന്നെ തയ്യാറായി. ഗൾഫിലായിരുന്ന അയാൾ നാട്ടിൽ ചെന്ന് കുടുംബത്തിൻ്റെ സ്വച്ഛതയിൽ സ്വസ്ഥമായി മരണത്തെ പുൽകാൻ ഡിസംബർ ആദ്യവാരം തന്നെ നാട്ടിലെത്തി. ഷാർജ തട്ടകമായ തൻ്റെ ജീവിതോപാതികളും മറ്റ് കെട്ട്പാടുകളും ഒഴിവാക്കിയായിരുന്നു നാട്ടിലേക്കുള്ള പിൻമടക്കം. സ്വന്തം മണ്ണിൽ മരണത്തിൻ്റെ തണുപ്പേറ്റുറങ്ങാനുള്ള അവസാന യാത്ര കൊതിച്ചായിരുന്നു അതെന്നും പറയാം. 

പക്ഷെ മരണം അയാളെ കൈയ്യൊഴിയുകയാണുണ്ടായത്. 95 ഡിസംബറിൽ മരിക്കേണ്ടിയിരുന്ന ആ വ്യക്തി 2021 ലെ ഈ നിമിഷം വരെ നമ്മോടൊപ്പം സന്തോഷവാനായി ഇവിടെ ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുന്നു. മരണം മാറി നിന്ന നീണ്ട 26 വർഷങ്ങൾ!! ആ പ്രതിഭാസത്തിന് ഒരു പേരിട്ടു വിളിക്കാമെങ്കിൽ ആ വിസ്മയത്തെ സി.സി. മായിൻഹാജി എന്നു സ്നേഹത്തോടെ വിളിക്കാം!

അന്ന് ഇതേ രോഗം കൊണ്ട് 11 പേർ ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിൽ 10 പേർ മരണം വരിച്ചു. സിനിമാ നടൻമാരായ ശങ്കരാടിയും ജോസ് കെ പ്രകാശും അടക്കം പ്രകത്ഭരായ പലരും ഇവിടെ ചികിത്സ തേടിയെത്തിയിരുന്നു. വിധി വൈരുധ്യമെന്നു പറയട്ടെ, ഈ കാലയളവിനുള്ളിൽ മായിൻ ഹാജിയുടെ മരണം പ്രവചിച്ച ഡോക്ടറും കാലയവനികക്കുള്ളിൽ മറഞ്ഞു.

ഇരിക്കൂർകാരുടെ സ്വന്തം ഫിറോസ് കുന്നംപറമ്പിലാണ് ഈ മനുഷ്യനെന്ന് നമുക്ക് സ്വകാര്യമായി അഹങ്കരിക്കാം. എന്നാൽ ഫിറോസ് കുന്നംപറമ്പിലുമാർ ചാരിറ്റി പ്രവർത്തനത്തിന് ഫോൺ കയ്യിലെടുക്കുന്നതിനും എത്രയോ കാലം മുമ്പ് ഈ മെലിഞ്ഞ കുറിയ മനുഷ്യൻ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു എന്നുള്ള വസ്തുതയും വിസ്മരിക്കാതിരിക്കാം.

മരണത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാനിരുന്ന മായിൻ ഹാജിയ്ക്ക് പിന്നീടെന്തു സംഭവിച്ചുവെന്ന് അദ്ദേഹം തന്നെ പറയട്ടെ....മരണം കാത്തിരുന്ന മായിൻ ഹാജിയെ തേടി അപ്രതീക്ഷിതമായ ഒരതിഥി എത്തി. ഒരു മതപ്രബോധകനായ ഉസ്താദായിരുന്നു അത്. ഉസ്താദ് സംഭാഷണ മധ്യേ പറഞ്ഞുവത്രേ 'നിങ്ങളുടെ സമയം നീണ്ടു പരന്നു കിടക്കുകയാണ്, മരണത്തിനു മുമ്പ് നിങ്ങൾക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് , ഒരു പാട് മനുഷ്യരിലേക്ക് നിങ്ങളുടെ സഹായം എത്തിച്ചേരാനുണ്ട്,.അതും കഴിഞ്ഞേ നിങ്ങൾ കണ്ണടയ്ക്കുകയുള്ളൂ..' ആ വാക്കുകൾ മായിൻ ഹാജിയിൽ വലിയ പ്രതീക്ഷ നൽകി ഉസ്താദിൻ്റെ സാരോപദേശം അയാൾ ശിരസാവഹിച്ചു.

ഉസ്താദ് അദ്ദേഹത്തോട് നിർദ്ദേശിച്ചത് ഇത്രയും കാര്യങ്ങളായിരുന്നുഃ നിങ്ങൾ അർദ്ധരാത്രിയിലെ തഹജ്ജുദ് നമസ്കാരം നിലനിർത്തണം,അത് പോലെ തസ്ബീഹ് നമസ്കാരവും. എന്നിട്ട് നിങ്ങൾ ജനങ്ങളുടെ പ്രയാസങ്ങളിലേക്കിറങ്ങണം.മായിൻ ഹാജി അന്നു മുതൽ തുടങ്ങിയതാണ് ഈ ജനസേവന പ്രവർത്തന മാർഗ്ഗം.

പകലെന്നോ,രാത്രിയെന്നോ ഇല്ലാതെ അദ്ദേഹം ഓടികൊണ്ടിരിക്കുകയാണ്. പ്രയാസം പേറുന്ന മനുഷ്യരുടെ രോദനങ്ങൾക്ക് പരിഹാരം തേടി.ഒറ്റക്കും കൂട്ടായും. ഏറ്റവും ഒടുവിലത്തെ ഒരു സംഭവം പറയാം., കല്യാണപ്രായം കഴിഞ്ഞും കല്യാണ സൗഭാഗ്യം ലഭിക്കാതെ പോയ ഒരനാഥയുടെ കല്യാണം തീരുമാനിക്കപ്പെട്ടു. അവിടെ യാദൃഛികമായി ഒരു കമ്മറ്റി രൂപപ്പെട്ടു. മായിൻ ഹാജിയും ആ കമ്മറ്റിയുടെ ഒരു ഭാഗമായി. പിന്നീട് സംഭവിച്ചത് സ്തുത്യര്‍ഹമായ വലിയൊരു പുണ്യ പ്രവർത്തിയാണ്. കല്യാണാവശ്യവും കഴിഞ്ഞ് ആ കുടുംബത്തിന് ജീവിക്കാനുള്ള സംഖ്യയും പിരിച്ചെടുക്കാൻ ആ കമ്മറ്റിക്ക് സാധിച്ചു. ഇങ്ങനെ എത്രയോ സംഭവങ്ങളുടെ പിറകിലെ ചാലകശക്തിയാണ് ഈ മെലിഞ്ഞ മനുഷ്യൻ.

മായിൻ ഹാജിയുടെ ഒരു ഫോൺ കോളിലോ നേരിട്ടുള്ള അഭ്യർത്ഥനയിലോ നിഷേധിക്കാനാവാത്ത സാമ്പത്തിക, ശാരീരിക സഹായങ്ങൾ പുതിയ നന്മകളുടെ പിറവിക്ക് വേണ്ടി വീരോചിതേതിഹാസങ്ങൾക്കു വേണ്ടി പിന്നെയും പിന്നെയും വന്നു കൊണ്ടിരിക്കുന്നു. അങ്ങനെ 35ൽ പരം ചെറുതും വലുതുമായ കമ്മറ്റികളിൽ ഒരു യന്ത്രം പോലെ പ്രവർത്തിക്കുന്നു ഈ മനുഷ്യൻ! മായിൻ ഹാജി ആരെയും തേടി പോയത് കൊണ്ട് നേടിയതല്ല ഈ സ്ഥാനമാനങ്ങളൊന്നും. കമ്മറ്റിയിൽ ചേർക്കപ്പെടലോടു കൂടി ആ യജ്ഞം വിജയിച്ചു കഴിഞ്ഞുവെന്ന വിചാരത്തിൽ ചേർക്കപ്പെടുന്നതാണ് ഓരോ കമ്മറ്റിയിലെയും മായിൻ ഹാജിയുടെ സ്ഥാനങ്ങൾ!

മാട്രിമോണി ഓഫീസുകൾ ഇപ്പൊഴും സജീവമല്ലാത്ത നാടാണ് നമ്മുടേത്. എന്നിട്ടും വ്യക്തി ബന്ധങ്ങളുടെ ഊഷ്മളതയിൽ160 ൽപരം വിവാഹങ്ങൾക്ക് വരൻ/വധുവിനെ കണ്ടെത്തി റെക്കോർഡിട്ടിട്ടുണ്ട് ഇദ്ദേഹം, പാവങ്ങൾക്കും പണക്കാർക്കു ഒരു പോലെ. നിരവധി നിർദ്ധനരായ പെൺമക്കളുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയിച്ചിട്ടുണ്ട് ഈ മനുഷ്യൻ. നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നൂറുകണക്കിന് വീടുകളുടെ അറ്റകുറ്റപണി തീർത്തു കൊടുക്കാൻ മുന്നിൽ നിന്നിട്ടുണ്ട്. നൂറു കണക്കിന് ഭക്ഷണ കിറ്റായും, സ്കൂൾ യൂണിഫോമായും, മരുന്നായും,ചികിത്സാ സഹായങ്ങളായും ഓരോ പടികളിലുമെത്തിയിട്ടുണ്ട് നിറഞ്ഞ ചിരിയുമായി ഈ മനുഷ്യ സ്നേഹി. നിരാലംബരായ ഒത്തിരി പേരുടെ വീടെന്ന സ്വപ്നത്തിനൊപ്പൊവും ചേർന്നു നിന്നിട്ടുണ്ട് ഈ മഹാൻ. 

നന്മയുടെ സംരംഭങ്ങൾക്കു വേണ്ടി ഏതു ത്യാഗത്തിനും സി സി മായിൻ ഹാജി കൂടെയുണ്ടാകും. മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. അനസ് ചെയർമാനായി മഞ്ഞപ്പാറയിൽ പതിനാറര ഏക്കറിൽ ആരംഭിക്കുന്ന "നഫ്സി" എന്ന പുതിയ ആശയത്തിൻ്റെ നേതൃപദവിയിലുമുണ്ട് സി.സി മായിൻ ഹാജി . വൃദ്ധസദന കേന്ദ്രം,, അംഗ പരിമിതിക്കാർക്കുള്ള തൊഴിൽ കേന്ദ്രം, കൺവെൻഷൻ സെൻറർ, മസ്ജിദ് ,വില്ലാ പ്രൊജക്ടുകൾ തുടങ്ങിയ വിവിധോദ്ദേശ്യ സംരംഭങ്ങളാണ് അവിടെ പുലരാൻ പോകുന്നത്.

ഇരിക്കൂറിനകത്തും പുറത്തുമുള്ള നിരവധി പള്ളികൾ, മദ്രസകൾ, സ്കൂളുകൾ അനാഥാലയങ്ങൾ മറ്റ് ചാരിറ്റി സംരഭങ്ങൾ എല്ലാറ്റിൻ്റെയും ജീവവായുവിന് വേണ്ടി ഇദ്ദേഹം ഓടികൊണ്ടിരിക്കുന്നു. തൻ്റെ ഓട്ടത്തിനിടയിൽ പൂച്ചെണ്ടുകളും കല്ലേറുകളും ആക്ഷേപങ്ങളും പ്രോൽസാഹനങ്ങളും ഒരുപോലെ അയാൾ നിറഞ്ഞ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു. കാരണം മായിൻ ഹാജി ഓടുന്നത് തൻ്റെ ജീവൻ്റെ തുടിപ്പുകൾ നിലക്കാതിരിക്കാനാണ്. ആ ഓട്ടത്തിൽ ആരുടെയൊക്കെയോ ചുണ്ടിൽ മധു നിറക്കാനാവുന്നുവെങ്കിൽ അതൊരു പുണ്യം. നന്മയുടെ ത്രാസിലേക്ക് കനം കൂട്ടാനുള്ള നിഷ്കളങ്കമായ അമൽ!! 

 മായിൻ ഹാജിയുടെ ഭൂത കാലം അത്ര നിറമുള്ളതായിരുന്നില്ല. പട്ടിണിയും, പരിവട്ടവും,ദാരിദ്യവും വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട് അദ്ദേഹം. ആ തിരിച്ചറിവാണ് പ്രയാസപ്പെടുന്നവൻ്റെ ചുമലിലെ ഭാരം ഇറക്കി വെക്കാൻ മായിൻ ഹാജിയെ പ്രേരിപ്പിക്കുന്നത്.
കുടുംബത്തിലെ ദാരിദ്ര്യാവസ്ഥകൾ കണ്ടറിഞ്ഞ് പoനം മാറ്റി വെച്ച് വളരെ ചെറുപ്പത്തിലെ ജോലി തേടിയിറങ്ങിയ ചരിത്രം കൂടി അദ്ദേഹത്തിനുണ്ട്. പല വിധ ജോലികൾ നന്നെ ചെറുപ്പത്തിലെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഫോറിൻ സാധനങ്ങൾ വില്പനവരെ എത്തി.

ഫോറിൻ സാധനങ്ങൾക്ക് ഡിമാൻ്റുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു മുമ്പ് നമ്മുടെ നാട്ടിൽ. അതിൻ്റെ സാധ്യത മനസ്സിലാക്കി നാദാപുരം പോലുള്ള സ്ഥലങ്ങളിൽ ചെന്ന് ഗൾഫ് സാധനങ്ങൾ പർച്ചേയ്സ് ചെയ്ത് ആവശ്യക്കാരിലെത്തിച്ചു കൊടുക്കുന്ന സംരംഭമായിരുന്നു കുറെ വർഷങ്ങൾ അദ്ദേഹം ചെയ്തിരുന്നത്.ഈ ജോലിയാണ് ഗൾഫിലെത്തിച്ചത്.പിന്നീട് 1984 തൊട്ട് 12 വർഷത്തോളം ഷാർജയിൽ സംരംഭകനായി പ്രവർത്തിച്ചു.ഈ പ്രവാസ ജീവിതത്തിനിടയിലാണ് പാൻക്രിയാസിൽ അസുഖം തുടങ്ങുന്നതും അത് മുറിച്ചു നീക്കുന്നതും. മരണം പ്രവചിക്കുന്നതും

 വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സാമൂഹ്യ സേവന രംഗം അദ്ദേഹത്തിൻ്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. ഇരിക്കൂർ ഇരിട്ടി ഹൈവേയിൽ തുടങ്ങാനിരുന്ന കള്ളുഷാപ്പിനെതിരെ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതും സമരം ചെയ്തതും,മണ്ണൂർ പുഴയിൽ മുങ്ങി മരിച്ച യുവാവിൻ്റെ ജഡം മുങ്ങിയെടുത്തതും നല്ല ഓർമ്മകളായി അദ്ദേഹം താലോലിച്ച് കൊണ്ട് നടക്കുന്നു.

ഇരിക്കൂറിൻ്റെ ഓരോ ഇടവഴിയിലും സി.സി. മായിൻ ഹാജിയെ നമ്മൾ കാണുന്നുവെങ്കിൽ ഒന്നുറപ്പിക്കാം.. ആരുടെയോ അര വയർ നിറക്കാനുള്ള തത്രപ്പാടിലായിരിക്കും ആ മനുഷ്യൻ. അല്ലെങ്കിൽ ഒരു യത്തീമിൻ്റെ നിക്കാഹ്, ആരുടെയോ വീടെന്ന സ്വപ്നം അങ്ങനെ തൊട്ട് നൂറായിരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴി തേടലിലാവാം അയാളാ വഴിയിലെന്ന് നമുക്ക് ഊഹിക്കാം.

🌑കുടുംബം.

മുക്രിൻറകത്ത് അബൂബക്കർ ഹാജിയുടെയും, ചേക്കിൻറകത്ത് ഹലീമ ഹജ്ജുമ്മയുടെയും മകനായി 15/01/1959 ജനനം.
സഹോദരങ്ങൾ:സി സി. ഈസ ഹാജി, സി.സി. സുഹറ ഹജ്ജുമ്മ, സി.സി ജമീല മഹ്മൂദ്, സി.സി റാബിയ ഖാലിദ്, സി.സി ഖദീജ കാസിം, സി.സി സുഹറ സിദ്ധീഖ്.
ഐ.എൻ.എൽ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പറും കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന പരേതനായ മാങ്ങാടൻ കുഞ്ഞിമൂസാൻ്റെ മകളാണ് ഭാര്യ വളപ്പിനകത്ത് ഫാത്തിമ.
മക്കൾ: മിൻഹാജ്, ബുഷ്‌റ, സുഹാന, ജാസ്മിന, ഹലീമ, ബഷിയ .ജാമാതാക്കൾ: മഹറൂഫ് (ഗാലക്സി)ഫഹദ് (ലക്സി) മിത് ലാജ്, അൻവർ(അയിപ്പുഴ)

(✍️ സമീർ കീത്തടത്ത്
ഇരിക്കൂർ വാർത്ത 
Sunday special 2021