ഒരു നാടിനെ ഉണർത്തിയ കൊട്ടു മേമ്മിക്ക റമളാൻ ഓർമകളിലെ നിറ സാന്നിധ്യം


മുഹ്സിൻ ഇരിക്കൂർ 
ഇരിക്കൂർ : "നാട്ടുകാരെ അത്താഴത്തിന് സമയമായിപോയ്, എല്ലാരും എണീച്ചോ" ഈയൊരു ശബ്ദം കേൾക്കാതെ ഇരിക്കൂർ നിവാസികൾ നോമ്പുകാലത്ത് അത്താഴം കഴിക്കാറില്ലായിരുന്നു.
പണ്ട് കാലത്ത് ഇരിക്കൂറിൽ അത്താഴ നേരമറിയിക്കാൻ കൊട്ടിയെത്തുന്ന പുത്തൻപുരയിൽ മൊയ്തു എന്ന കൊട്ട് മേമിക്കയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
 ഇന്നത്തെപ്പോലെ സമയമറിയാനുള്ള ആധുനിക സംവിധാനങ്ങളോ ബാങ്കിന്റെ നേരമായി എന്ന് അറിയിക്കാനുള്ള ഉച്ചഭാഷിണിയോ ഇല്ലാതിരുന്ന ഒരു കാലത്ത് അത്തായ നേരം അറിയിക്കാൻ കൊട്ടുമായി (ചെണ്ട പോലത്തെ ഉപകരണം) നാടിന്റെ നാനാഭാഗങ്ങളിലും ഓടിച്ചെല്ലുന്ന കൊട്ടുമേമിക്ക ഇരിക്കൂർക്കാരുടെ മായാത്ത ഓർമ്മകളാണ്. മേമിക്ക ചെവിടികുന്നിൽ നിന്ന് കൊട്ടുമുട്ടിക്കൊണ്ട് ചെറുവണ്ണി, കുന്നുമ്മൽ ഭാഗത്തുള്ളവരെ ഉണർത്തിയതിനുശേഷം തിരിച്ച് കല്യാട് റോഡിലൂടെ ഇരിക്കൂറിലേക്ക് വരും. ആധുനിക ഗതാഗത സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു കാലത്ത് കല്ലുകൾ നിറഞ്ഞ, ഇരുട്ട് മൂടിയ വഴികളിലൂടെ പെടയങ്ങോട് മുതൽ പെരുവളത്ത് പറമ്പ് വരെ മേമിക്ക ഒരു റാന്തൽ വിളക്കുമായി നടക്കും. രാത്രി 12 മണിക്ക് പെടയങ്ങോടിൽ നിന്നാരംഭിക്കുന്ന കൊട്ട് 3 മണിക്കൂറോളം നടന്ന് സുബഹി ബാങ്കിന് അരമണിക്കൂർ മുമ്പ് അവസാനിപ്പിക്കും. റോഡിന്റെ ഇരുവശങ്ങളിലുള്ള വീടുകളുടെ വാതിലിനും മുട്ടി വീട്ടുകാരെ ഉണർത്തുമായിരുന്നു.സമയമറിയാത്തതിനാൽ അന്ന് എല്ലാവരും നേരത്തെ കിടന്നുറങ്ങുമായിരുന്നു.മേമിക്കയുടെ കൊട്ട് കേൾക്കുമ്പോഴാണ് ഇരിക്കൂർ ജനത ഉണർന്നത്. മേമിക്കയോടൊപ്പം കുറെ കുട്ടികളും കൂടെ കൂടുമായിരുന്നു. മേമിക്കയുടെ കൊട്ട് ഒരുകാലത്ത് ഇരിക്കൂറിലെ ജനങ്ങൾക്ക് വലിയൊരു അനുഗ്രഹമായിരുന്നു.
 കൊട്ട് മേമിക്കയുടെ ഉപജീവനമാർഗ്ഗമായിരുന്നു. റമദാൻ നോമ്പിന് ശേഷം ഓരോ വീടുകളിലും കയറിയിറങ്ങി അവർ നൽകുന്ന അരിയും പണവും സംഭാവനയായി സ്വീകരിക്കും. മേമിക്ക എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു.