പ്രതിഷേധം കനത്തു : ഇരിക്കൂർ താലൂക്ക് ആശുപത്രി സായാഹ്ന ഒപി പുനരാരംഭിച്ചു

ഇരിക്കൂർ : പ്രതിഷേധം കനത്തതോടെ ഇരിക്കൂർ താലൂക്ക് ആശുപത്രി സായാഹ്ന ഒപി പുനരാരംഭിച്ചു.ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ഇരിക്കൂർ ഗവ: താലൂക് ആശുപത്രിയിൽ കിടത്തി ചികിത്സയും സായാഹ്ന ഒപിയും നിലച്ചത്‌ രോഗികളെ ദുരിതത്തിലാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സായാഹ്ന ഒപി നിലച്ചത്‌ വാർത്ത നൽകിയിരുന്നു. ആകെ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാർ ലീവ് ആയതാണ് സായാഹ്ന ഒപി നിലക്കാൻ കാരണം. ആശുപത്രിയുടെ ചുമതലയുള്ള ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പകരം സംവിധാനം കാണുവാൻ തയ്യാറാവാത്തതിൽ ജനപ്രതിഷേധം കനക്കുകയായിരുന്നു.

 ഇരിക്കൂർ താലൂക്ക് ആശുപത്രിയിലെ ദന്തൽ ഒപി നാലുമാസമായി അടഞ്ഞുകിടക്കുകയാണ്.ദന്തൽ ഡോക്ടർ സ്ഥലം മാറിപ്പോയതിനു ശേഷം പകരം ഡോക്ടറെ നിയമിക്കാനോ പകരം സംവിധാനം ഏർപ്പെടുത്താനോ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല.നിരവധി രോഗികളാണ് ദന്തൽ ഒപി ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത്. നേരത്തെ ഇരിക്കൂർ പഞ്ചായത്തിലൂടെ താലുക്കാശുപത്രിക്ക് അനുവദിച്ച ദന്തൽ ചെയർ ചെങ്ങളായിലേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. ഈ വിവരം രഹസ്യമായി വെക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ ഈ വിവരം പുറത്തുവന്നു.താലൂക്ക് ആശുപത്രിയുടെ അധികാരം ഞങ്ങൾക്കാണെന്ന് പറഞ്ഞുകൊണ്ട് ബ്ലോക്ക് പഞ്ചായത്താണ് കഴിഞ്ഞ ഒമ്പത് മാസം മുമ്പ് സർക്കാർ ഉത്തരവിലൂടെ ആശുപത്രിയുടെ ഭരണ ചുമതല ഏറ്റെടുത്തത്.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ കൃത്യമായി ഇടപെടാനോ പരിപാലിക്കാനോ തയ്യാറാവാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായിട്ടുള്ളതെന്ന് ജനങ്ങൾ ആരോപിക്കുന്നു. എത്രയും പെട്ടെന്ന് ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ കാര്യത്തിൽ ശാശ്വതമായ പരിഹാരമാർഗ്ഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913