നിലാമുറ്റം മഖാം ഉറൂസിന് നാളെ തുടക്കം
ഇരിക്കൂർ: കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പ്രവാചക കാലഘട്ടത്തിൽ തന്നെ ഇസ്ലാമിക പ്രബോധനവുമായി എത്തിയ മഹാത്മാക്കളുടെ സ്മരണയ്ക്കായി വർഷം തോറും നടത്തിവരാറുള്ള നിലാമുറ്റം മഖാം ഉറൂസിന് നാളെ തുടക്കം.
പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉറൂസ് ആഘോഷങ്ങൾക്ക് പണ്ഡിതൻമാരുടെയും ഉലമാക്കളുടെയും നൂറുക്കണക്കിന് വിശ്വാസികളുടെയും കണ്ഠത്തിൽ നിന്നുയർന്നു വന്ന തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഇരിക്കൂർ മഹല്ല് പ്രസിഡന്റ് കെ.ടി സിയാദ് ഹാജി ഉറൂസ് നഗരിയിൽ പതാക ഉയർത്തുന്നതോടെ തുടക്കമാവും.തുടർന്ന് നടക്കുന്ന റഹ്മാനിയ മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ഉമറാ സംഗമവും അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിക്കും.അബ്ദുറഹ്മാൻ കല്ലായി വിഷയാവതരണം നടത്തും.പി.കെ അബൂബക്കർ ഹാജി ബ്ലാത്തൂർ മുഖ്യാതിഥിയാവും.
പ്രാദേശികമായി ധനു പത്താഘോഷം എന്ന പേരിലറിയപ്പെടുന്ന നിലാമുറ്റം മഖാം ഉറൂസിൻ്റെ പത്ത് നാളുകളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് രാത്രി 8 മണിക്ക് നടത്തുന്ന മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ നിർവഹിക്കും.
 24 ന് ആയിരങ്ങൾക്ക് അന്നദാനവും 25 ന് കൂട്ട സിയാറത്തോടെ ഉറൂസിന് സമാപനമാകും.
 പത്രസമ്മേളനത്തിൽ മഹല്ല് സെക്രട്ടറി കെ.പി അബ്ദുൽ അസീസ് മാസ്റ്റർ, ട്രഷറർ മുഹമ്മദ് അഷറഫ് ഹാജി,കെ.മേമി ഹാജി, കെ.പി മൊയ്തീൻ കുഞ്ഞിമാസ്റ്റർ,സി.സി ഹിദായത്ത്,എൻ.വി ഹാശിം, കെ.കെ അബ്ദു റസാഖ് എന്നിവർ പങ്കെടുത്തു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913