കിടത്തി ചികിത്സയും സായാഹ്ന ഒപിയും നിലച്ചു
ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി

ഇരിക്കൂർ : മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള സർക്കാറിന്റെ അവഗണന തുടർക്കഥയാവുന്നു.ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ഇരിക്കൂർ ഗവ: താലൂക് ആശുപത്രിയിൽ കിടത്തി ചികിത്സയും സായാഹ്ന ഒപിയും നിലച്ചത്‌ രോഗികളെ ദുരിതത്തിലാക്കി
താലൂക്ക് ആശുപത്രിയുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സർക്കാറിന്റെ ഓർഡർ പ്രകാരമാണ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് അധികാരം ലഭിച്ചത്.വർഷങ്ങളായി ഇരിക്കൂർ ആശുപത്രിയുടെ ഭരണ ചുമതല നല്ല നിലയിൽ നിർവഹിച്ചിരുന്നത് ഇരിക്കൂർ പഞ്ചായത്തായിരുന്നു.എന്നാൽ താലൂക്ക് ആശുപത്രിയുടെ അധികാരം ഞങ്ങൾക്കാണെന്ന് പറഞ്ഞുകൊണ്ട് ബ്ലോക്ക് പഞ്ചായത്താണ് കഴിഞ്ഞ ഒമ്പത് സർക്കാർ ഉത്തരവിലൂടെ ആശുപത്രിയുടെ ഭരണ ചുമതല ഏറ്റെടുത്തത്. പക്ഷേ ആശുപത്രിയുടെ വികസനോന്മുഖമായ ഒരു പ്രവർത്തനവും ബ്ലോക്ക് പഞ്ചായത്ത് ചെയ്തിട്ടില്ല.ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയുടെ ഭരണം ഏറ്റെടുത്തപ്പോൾ മഴക്കാല രോഗത്തിനായി പ്രത്യേക സംവിധാനമൊരുക്കുമെന്നും കിടത്തി ചികിത്സ, രാത്രികാല ചികിത്സ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇടക്കാലത്ത് കിടത്തി ചികിത്സാ സംവിധാനം നിർത്തലാക്കിയിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ആരംഭിച്ച കിടത്തി ചികിത്സ ഇപ്പോൾ വീണ്ടും നിർത്തലാക്കിയിരിക്കുകയാണ്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ കൃത്യമായി ഇടപെടാനോ പരിപാലിക്കാനോ തയ്യാറാവാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായിട്ടുള്ളത്.

കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്താണ് സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇരിക്കൂർ ആശുപത്രിയെ കാഷ്വാലിറ്റിയോട് കൂടിയ താലൂക്ക് ആശുപതിയായി ഉയർത്തുകയും ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്. അധിക തസ്തികയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായി നാല് സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു.
ഇരിക്കൂറിന് പുറമേ മന്ത്രിമാരുടെ മണ്ഡലമായ മട്ടന്നൂർ,ശ്രീകണ്ഠപുരം,ഇരിട്ടി എന്നിവിടങ്ങളിൽ നിന്നും പടിയൂർ, കൂടാളി, മലപ്പട്ടം, പയ്യാവൂർ, ഉളിക്കൽ, ഏരുവശ്ശി, ചെങ്ങളായി എന്നീ പഞ്ചായത്തുകളിൽ നിന്നുമായി ദിനംപ്രതി എത്തുന്ന നൂറുക്കണക്കിന് രോഗികൾക്കുള്ള അടിസ്ഥാന സൗകര്യമേർപ്പെടുത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഇരിക്കൂറിലെ പ്രവാസ സംഘടനകളാണ്.

 എന്നാൽ ഇപ്പോൾ ആകെ 10 ഡോക്ടർമാർ ഉള്ളതിൽ അഞ്ച് പേർ മാത്രമേ താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളൂ. അതിൽ തന്നെ മൂന്ന് പേർ ലീവിലുമാണ്. രണ്ട് ഡോക്ടർമാരെ വെച്ചുകൊണ്ടാണ് ആയിരത്തോളം വരുന്ന രോഗികളെ ചികിത്സിക്കുന്നത്.

കെ.സി ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഏകദേശം ഒന്നര കോടി രൂപയോളം ചെലവഴിച്ച് താലൂക്ക് ആസ്പത്രിയുടെ വികസനം ലക്ഷ്യമിട്ട് നിർമ്മിച്ച കെട്ടിടങ്ങൾ സർക്കാറിന്റെ അവഗണനയെ തുടർന്ന് ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്.സ്ത്രീ രോഗവിഭാഗം, അത്യാഹിത വിഭാഗം, കുട്ടികളുടെ വിഭാഗം, സർജറി തുടങ്ങി ആശുപത്രിയുടെ അടിസ്ഥാന വികസനത്തിന് വേണ്ടി ഇടത് ഭരണം വന്നതിന് ശേഷം യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ല.
ഇരിക്കൂർ മേഖലയിൽ നിന്ന് അത്യാഹിതമെന്തെങ്കിലും ഉണ്ടായാൽ അടിയന്തിര ചികിത്സയ്ക്കും വിദഗ്ദ്ധ ചികിത്സയ്ക്കും 30 ഉം 40 ഉം കിലോമീറ്റർ മരണപ്പാച്ചിൽ തന്നെ നടത്തേണ്ട ഗതിയാണ്.

പുതിയ ബ്ലോക്ക് കെട്ടിടം നിർമ്മിക്കാൻ നമ്പാർഡിന്റെ 11.30 കോടി രൂപ ഫണ്ട് ലഭിച്ചിരുന്നുവെങ്കിലും സാങ്കേതികമായ നൂലാമാലകൾ കൊണ്ട് നിർമ്മാണപ്രവർത്തികൾ ഇതുവരെ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല.നബാർഡിൽ നിന്നും അനുവദിച്ച 11.30 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവൃർത്തികളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് ഫണ്ട് പൂർണമായും വിനിയോഗപ്പെടുത്തി പ്രവർത്തി ഉടൻ ആരംഭിക്കണമെന്ന് എം.എൽ.എ സജീവ് ജോസഫ് ആവശ്യപ്പെടുകയും 
നബാർഡ് ഫണ്ട് നഷ്ടമാകാത്ത വിധം പണി ഉടൻ ആരംഭിക്കുവാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത് വരെ ഈ കാര്യത്തിൽ പുരോഗതിയും ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഇരിക്കൂർ താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സയും സായാഹ്ന ഒപിയും നിലച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക് ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913