ആരോഗ്യമന്ത്രിയുടെ സന്ദർശനം ഇന്ന് : പ്രതീക്ഷയോടെ ഇരിക്കൂർ നിവാസികൾ
മുഹ്സിൻ ഇരിക്കൂർ
ഇരിക്കൂർ : മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള സർക്കാറിന്റെ അവഗണന തുടർക്കഥയാവുന്നുവെന്ന നിരന്തരമായ മുടവിളികൾക്കൊടുവിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ഇരിക്കൂർ താലൂക്ക് ആശുപത്രി സന്ദർശിക്കുകയാണ്. വലിയ പ്രതീക്ഷയിലാണ് ഇരിക്കൂർ നിവാസികളുള്ളത്.
പുതിയ ബ്ലോക്ക് കെട്ടിടം നിർമ്മിക്കാൻ നമ്പാർഡിന്റെ 11.3 കോടി രൂപ ഫണ്ട് ലഭിച്ചിരുന്നുവെങ്കിലും സാങ്കേതികമായ നൂലാമാലകൾ കൊണ്ട് നിർമ്മാണപ്രവർത്തികൾ ഇതുവരെ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് പഴയ കെട്ടിടം പൊളിക്കുവാൻ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചത്.
വർഷങ്ങളായി ഇരിക്കൂർ ആശുപത്രിയുടെ ഭരണ ചുമതല നല്ല നിലയിൽ നിർവഹിച്ചിരുന്നത് ഇരിക്കൂർ പഞ്ചായത്ത് ആയിരുന്നു.എന്നാൽ താലൂക്ക് ആശുപത്രിയുടെ അധികാരം ഞങ്ങൾക്കാണെന്ന് പറഞ്ഞുകൊണ്ട് ബ്ലോക്ക് പഞ്ചായത്താണ് കഴിഞ്ഞ എട്ടുമാസമായി സർക്കാർ ഉത്തരവിലൂടെ ആശുപത്തിലൂടെ ഭരണ ചുമതല ഏറ്റെടുത്തത്. പക്ഷേ ആശുപത്രിയുടെ വികസനോന്മുഖമായ ഒരു പ്രവർത്തനവും ബ്ലോക്ക് പഞ്ചായത്ത് ചെയ്തിട്ടില്ല.ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയുടെ ഭരണം ഏറ്റെടുത്തപ്പോൾ മഴക്കാല രോഗത്തിനായി പ്രത്യേക സംവിധാനമൊരുക്കുമെന്നും കിടത്തി ചികിത്സ, രാത്രികാല ചികിത്സ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇടക്കാലത്ത് കിടത്തി ചികിത്സാ സംവിധാനം നിർത്തലാക്കിയിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് കിടത്തി ചികിത്സ ഇപ്പോൾ പുനസ്ഥാപിച്ചിരിക്കുന്നത്
ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ഇരിക്കൂർ ഗവ: ആശുപത്രിയുടെ സമഗ്രവികസനം അട്ടിമറിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുവാനുള്ള നീക്കമാണ് ഇരിക്കൂറിനോടുള്ള അവഗണനയ്ക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്താണ് സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇരിക്കൂർ ആശുപത്രിയെ കാഷ്വാലിറ്റിയോട് കൂടിയ താലൂക്ക് ആശുപതിയായി ഉയർത്തുകയും ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്. അധിക തസ്തികയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായി നാല് സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു.
ഇരിക്കൂറിന് പുറമേ മട്ടന്നൂർ ,ശ്രീകണ്ഠപുരം, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നും പടിയൂർ, കൂടാളി, മലപ്പട്ടം, പയ്യാവൂർ, ഉളിക്കൽ, ഏരുവശ്ശി, ചെങ്ങളായി എന്നീ പഞ്ചായത്തുകളിൽ നിന്നുമായി ദിനംപ്രതി നൂറുക്കണക്കിന് രോഗികളാണ് ഇരിക്കൂർ താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തുന്നത്.
കെ.സി ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഏകദേശം ഒന്നര കോടി രൂപയോളം ചെലവഴിച്ച് താലൂക്ക് ആസ്പത്രിയുടെ വികസനം ലക്ഷ്യമിട്ട് നിർമ്മിച്ച കെട്ടിടങ്ങൾ സർക്കാറിന്റെ അവഗണനയെ തുടർന്ന് ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്.സ്ത്രീ രോഗവിഭാഗം, അത്യാഹിത വിഭാഗം, കുട്ടികളുടെ വിഭാഗം, സർജറി തുടങ്ങി ആശുപത്രിയുടെ അടിസ്ഥാന വികസനത്തിന് വേണ്ടി ഇടത് ഭരണം വന്നതിന് ശേഷം യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ല.
ഇരിക്കൂർ മേഖലയിൽ നിന്ന് അത്യാഹിതമെന്തെങ്കിലും ഉണ്ടായാൽ അടിയന്തിര ചികിത്സയ്ക്കും വിദഗ്ദ്ധ ചികിത്സയ്ക്കും 30 ഉം 40 ഉം കിലോമീറ്റർ മരണപ്പാച്ചിൽ തന്നെ നടത്തേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്.
താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായിട്ടാണ് നമ്പാർഡിൽ നിന്ന് 11:30 കോടി രൂപ അനുവദിച്ചത്.എന്നാൽ പ്രവർത്തികൾ പെട്ടെന്ന് തുടങ്ങുന്നതിന് വേണ്ടി പ്രൈവറ്റ് കൺസ്ട്രക്ഷൻ കമ്പനിയെകൊണ്ട് വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും അത് സ്വീകരിക്കുവാൻ സർക്കാർ തയ്യാറായില്ല.
അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് നിലകളിലായി 55,000 ചരുരശ്ര അടിയിൽ കെട്ടിട സമുച്ചയം,ബേസ്മെന്റ് വാഹന പാർക്കിംഗ്, കാന്റീൻ, വൈദ്യുതി റൂം, താഴെ നിലയിൽ സ്വീകരണം, പരിശോധനാ മുറികൾ, കാത്തിരിപ്പു കേന്ദ്രം, ഫാർമസി, എക്സറേ, ലബോറട്ടറി, അൾട്രാസൗണ്ട് സ്കാനിങ്ങ്, അത്യാഹിത വിഭാഗം,ഒന്നാം നിലയിൽ സ്ത്രീ പുരുഷ, കുട്ടികളുടെ വാർഡുകളും ഡയാലിസ് കേന്ദ്രം, ഡോക്ടർമാരുടെ മുറികൾ,രണ്ടാം നിലയിൽ രോഗികൾക്കുള്ള മുറികൾ, ജനറൽ വാർഡ്, ലേബർ വാർഡ്, ഡ്യൂട്ടി റൂം,
മൂന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ, പ്രസവ തിയേറ്റർ, തീവ്രപരിചരണ വിഭാഗം,ഇന്റൻസീവ് കെയർ യൂണിറ്റ് എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതിക്കാണ് നബാർഡ് ഫണ്ട് അനുവദിച്ചത്.
എന്നാൽ ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി ഇരിക്കുകയാണ്. പേരിനുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി കേഡറിൽ 4 പേര്,അസി സർജൻമാർ 4 പേര്, ഒരു ഗൈനഗോളജിസ്റ്റ്, ഒരു പീഡിയാർടീഷ്യൻ എന്നിങ്ങനെ 10 ജീവനക്കാർ വേണ്ടിടത്ത് നിലവിൽ കുറച്ചു ജീവനക്കാർ മാത്രമാണുള്ളത്. ഗൈനക്കോളജി ഡോക്ടർ അനാരോഗ്യത്തെ തുടർന്ന് ദീർഘകാല അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഉച്ച കഴിഞ്ഞും ഒപി സേവനം ഉള്ളതിനാൽ ഫലത്തിൽ രാവിലെ രണ്ട് ഡോക്ടർമാരുടെയും അവധി ദിവസങ്ങളിൽ ഒരു ഡോക്ടറുടെയും സേവനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനം യാഥാർഥ്ത്യമാക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫ് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് നിവേദനം നൽകിയതിന്റെയും ജനങ്ങളുടെ നിരന്തരമായ മുടവിളികൾക്കൊടുവിലാണ് ഇന്ന് ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിക്കുന്നത്. ഈ വിഷയത്തിൽ ഇരിക്കൂർ വാർത്ത വ്യത്യസ്തമായ സമയങ്ങളിൽ വാർത്തകൾ നൽകുകയും ചെയ്തിരുന്നു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments