പോഷകാഹാര മാസാചരണം: പ്രദർശന ബോധവത്കരണ പരിപാടി സമാപിച്ചു
ഇരിക്കൂർ: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി ഇരിക്കൂറിൽ സംഘടിപ്പിച്ച 2 ദിവസത്തെ സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടി സമാപിച്ചു.
ഇരിക്കൂർ ബ്ലോക്ക് ഐസിഡിഎസ് അഡീഷണലിനു കീഴിലെ അംഗൻവാടി പ്രവർത്തകർക്കായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇരിക്കൂർ എംഎൽഎ അഡ്വ.സജീവ് ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി ഒരുക്കിയ പ്രസ്ഥാനമാണ് അഗൻവാടി പ്രസ്ഥാനമെന്ന് അഡ്വ.സജീവ് ജോസഫ് പറഞ്ഞു.
അംഗൻവാടി പ്രവർത്തകർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കപ്പെടണം.
ഈ ആവശ്യം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അഡ്വ.സജീവ് ജോസഫ് പറഞ്ഞു.
ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പോഷകാഹാരം സംബന്ധിച്ച അവബോധം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശന പരിപാടി ഒരുക്കിയത്.
വൈറൽ രോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ച്
ഇരിക്കൂർ ഗവ.ആശുപത്രിയിലെ ഡോ.അനുപമ ക്ലാസെടുത്തു.
ബാങ്കിങ് സേവനങ്ങളും ഡിജിറ്റൽ ബാങ്കിങ്ങും എന്ന വിഷയം കാസർഗോഡ് ഫിനാൻഷ്യൽ ലിറ്ററസി കൗൺസലർ കെ.ജെ ഫ്രാൻസിസ് അവതരിപ്പിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളെ ക്കുറിച്ചുള്ള ഫോട്ടോ പ്രദർശനം വിവിധ ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള 'പ്രദർശനം, ആധാർ തിരുത്തൽ സേവനം, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
സമാപന സമ്മേളനത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ.മാത്യു അധ്യക്ഷനായിരുന്നു.
വനിതാ ശിശു വികസന ഓഫീസർ നിഷ പാലത്തടത്തിൽ, സിബിസി ടെക്നിക്കൽ അസിസ്റ്റൻറ് കെ.എസ് ബാബു രാജൻ എന്നിവർ പ്രസംഗിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments