പ്രധാന അധ്യാപിക രചിച്ച കഥകൾക്ക് കുട്ടികൾ ചിത്രമൊരുക്കി 

ഇരിക്കൂർ : സ്‌കൂള്‍ പ്രധാനാധ്യാപിക രചിച്ച കഥകള്‍ക്ക് കുട്ടികള്‍ വരച്ച രേഖാ ചിത്രങ്ങളും കവറുമായി കുട്ടികള്‍ക്കായുള്ള കഥാപുസ്തകം പുറത്തിറങ്ങി. ഇരിക്കൂര്‍ ഗവ.ഹൈസ്‌ക്കൂളിലെ ഹെഡ്മിസ്ട്രസ് വി.സി ശൈലജ രചിച്ച 'അത്ഭുതം വിലയ്ക്ക് വാങ്ങിയ കുട്ടി' എന്ന കഥാസമാഹാരത്തിനാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നെ മനോഹരമായ പുറംചട്ടയും കഥകളുടെ രേഖാചിത്രങ്ങളും തയ്യാറാക്കിയത്. കഥാകാരി തന്നെ പ്രധാനാധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകാരന്‍ വി.എസ് അനില്‍കുമാര്‍ പുസ്തകം പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.നാരായണന്‍ ഏറ്റുവാങ്ങി. ഇരിക്കൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.റീന അധ്യക്ഷയായി. ഫോറസ്റ്റ് ബുക്‌സ് പയ്യന്നൂര്‍ ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
പുസ്തകത്തിന്റെ കവര്‍ തയ്യാറാക്കുകയും കഥകള്‍ക്ക് രേഖാചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥികളായ എ.എസ് അഭിരാമിയെയും രേഖാചിത്രങ്ങള്‍ വരച്ച ആദികൃഷ്ണ, ഋതുദേവ്, വി.ചേതസ്സ് എന്നിവര്‍ക്ക് വി.എസ്.അനില്‍കുമാര്‍ ഉപഹാരം നല്‍കി.കഥാകാരി വി.സി ശൈലജ മറുമൊഴി പറഞ്ഞു. 
സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് അബ്ദുള്ള ഹാജി, ടി.സുനില്‍കുമാര്‍, ആര്‍.കെ ഹരീന്ദ്രനാഥന്‍,പി.എ. നിസാര്‍, ഫോറസ്റ്റ് ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ സദാശിവന്‍ ഇരിങ്ങല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്‌കൂള്‍ വായനക്കൂട്ടം കണ്‍വീനര്‍ കെ.പി സുനില്‍കുമാര്‍ സ്വാഗതവും സി.കെ നിഷാറാണി നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv