സിബിഐ കേസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തം
✍️ മുഹ്സിൻ ഇരിക്കൂർ
ഇരിക്കൂർ : 2016 ൽ ഇരിക്കൂറിലെ വൃദ്ധയായ വീട്ടമ്മ കുഞ്ഞാമിന അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഏഴാണ്ട് തികഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം വിയർത്തൊലിക്കുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാതായതോടെ നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും പ്രക്ഷോഭം ആരംഭിക്കുകയും കേസ് 2021 ജൂണിൽ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു.ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം നടക്കുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പ്രതികളെ സംബന്ധിച്ച് ഒരു വിവരവും ലഭ്യമാകാത്ത അവസ്ഥയിലാണ്. കണ്ണൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി.പി.രഞ്ജിതിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് (എൻസിആർബി) ഉൾപ്പെടെ പ്രതികളുടെ വിവരം കൈമാറിയിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയൊന്നുമില്ല.
2016 ലാണ് ഇരിക്കൂർ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ ഷബീന മൻസിലിൽ മെരടൻ കുഞ്ഞാമിനയെന്ന അറുപത്തി ഏഴ്കാരിയായ വൃദ്ധ കൊല്ലപ്പെടുന്നത്. തന്റെ ഉടമസ്ഥതയിലുള്ളതും താമസിക്കുന്ന വീട്ടിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുമായ വാടക ക്വാർട്ടേഴ്‌സിലാണ് അതിദാരുണമായി കുഞ്ഞാമിന കൊല്ലപ്പെട്ടത്.
സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ജിഷയുടെ കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് നാടിനെ നടുക്കിയ ദാരുണമായ ഈ കൊലപാതകം. മാസങ്ങൾക്കകം ജിഷ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിയെ പിടികൂടിയെങ്കിലും കുഞ്ഞാമിന വധത്തിന് പിറകിലുള്ളവരെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം ഇഴയുന്ന സമയത്താണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
ഏഴ് വർഷം മുമ്പ് നടന്ന കൊലപാതകത്തിന് ഉത്തരവാദികളെന്ന് പോലീസ് സംശയിക്കുന്നത് കൃത്യം നടക്കുന്നതിന് ഒരു മാസം മുമ്പ് കുഞ്ഞാമിനയുടെ തന്നെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ഒരു യുവാവിനെയും യുവതിയെയും കൂടെ മറ്റൊരു സ്ത്രീയെയുമാണ്.
ആന്ധ്ര സ്വദേശികളെന്നാണ് നാട്ടുകാരോടൊക്കെ ഇവർ പറഞ്ഞത് . കൃത്യം നടത്തിയതിന് ശേഷം ഇരിക്കൂറിൽ നിന്നും ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മട്ടന്നൂർ ബസ്സ്റ്റാൻറിൽ ഇറങ്ങിയ ഇവർ മട്ടന്നൂർ ബസ്സ്റ്റാന്റിൽ ബസ് കാത്ത് നിൽക്കുന്നത് സി.സിടിവിയിൽ പതിഞ്ഞ ചിത്രം മാത്രമാണ് പോലീസിന് ലഭിച്ച ആകെയൊരു പിടി വള്ളി.
കൊലപാതകത്തിന് ശേഷം പ്രതികളുടെ സംഘം മഹാരാഷ്ട്രയിലേക്കാണ് പോയതെന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.തുടർന്ന് ഗുജറാത്തിലെ സൂറത്തിലുംമെത്തി. ഇവിടുന്ന് രാജസ്ഥാനിലെ അജ്മീറിലെത്തിയ സംഘം 21 മുതൽ വീണ്ടും റായ്ഗുഡിലെ ഹോട്ടലിൽ താമസിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം എവിടെ പോയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരമൊന്നും
പൊലീസിന് ലഭിച്ചിട്ടില്ല. ഇവരെ മാത്രം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.ഇവരെ തേടി അന്വേഷണ സംഘം ഇന്ത്യയിലെ 11 ഓളം സംസ്ഥാനങ്ങളിലും എത്തി നേരിട്ട് വല വിരിചെങ്കിലും പ്രതികളെ മാത്രം വലയിലാക്കാനായില്ല. ആകെ ലഭിച്ചത് പ്രതികളെന്ന് സംശയികുന്നവരുടെ വിവിധ പോസുകളിലുള്ള വർണ്ണചിത്രങ്ങൾ മാത്രം.
സിം കാർഡ് വ്യാജം
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സംഘം ഉപയോഗിച്ചിരുന്ന സിം കാർഡിലെ മേൽവിലാസം കർണാടക ഗുണ്ടൽപേട്ട്
സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇവർ ഇവിടെ വാടകയ്ക്ക് താമസിച്ചപ്പോൾ അയൽവാസിയായ യുവതിക്ക് മാക്സി വില്പന നടത്തി സിം കാർഡ് കൈവശപ്പെടുത്തിയെന്നു വ്യക്തമായി.
പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്
അന്വേഷണത്തിന്റെ തുടക്കത്തിൽ ഓംഗോൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച പ്രതികളുടെ ഫോട്ടോകളല്ലാതെ പേരോ മേൽ വിലാസമോ ഒന്നും ഇതുവരെ കേരള പൊലീസിന് ലഭിച്ചിട്ടില്ല.ഇരിക്കൂറിലെ ക്വാർട്ടേഴ്സിൽ നിന്നു ലഭിച്ച പ്രതികളുടെ വിരലടയാളങ്ങളിൽ നിന്നാണ് ഓംഗോൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന മൂവർ സംഘം തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതികൾക്കായി മലയാളം, ഗുജറാത്തി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്
എഴുപതിനോടടുത്ത് പ്രായവുമുള്ള വൃദ്ധയായ സ്ത്രീയെ അതിക്രൂരമായ രീതിയിൽ കൊല ചെയ്തതിന്റെ സ്വഭാവവും രീതിയും ആണ് പലരിലും സംശയമുളവാക്കുന്നത്.ഈ കൊലപാതകം ഇവർ തന്നെയാണോ നടത്തിയത്?ആണെങ്കിൽ എന്തിന്? ഇവരെ കൂടാതെ വേറെ ആരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോ? എന്നീ ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. കാര്യമായ സ്വർണ്ണമോ പണമോ ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടില്ലാത്തതും വൃദ്ധയായ സ്ത്രീയെ കസേരയിൽ ഇരുത്തി കെട്ടിയിട്ട് വായിൽ തുണി തിരുകിയതിന് ശേഷം പ്ലാസ്റ്ററൊട്ടിച്ച് മൂർച്ചയുള്ള ആയുധം കൊണ്ട് ഏകദേശം 38 ഓളം മുറിവുകൾ ഉണ്ടാക്കിയും കാൽമുട്ട് രണ്ടും തല്ലിയൊടിച്ചും നടത്തിയ അതിക്രൂരമായ കൊലപാതകത്തിന്റെ സ്വഭാവമാണ് കൂടുതൽ സംശയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. കവർച്ചയാണ് ലക്ഷ്യമെങ്കിൽ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കുഞ്ഞാമിന ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയുടെ മേശയോ അലമാരയോ കുത്തിത്തുറന്നിട്ട് പോലുമില്ല.
കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കമ്മിറ്റി കുഞ്ഞാമിനയുടെ മകൻ മുഹമ്മദ് മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞെന്നും പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ മാത്രമാണ് അവർ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കിയതിനാൽ കോടതി സിബിഐക്ക് വിടണമെന്നാവശ്യം നിരാകരിക്കുകയായിരുന്നു. ആറ് മാസത്തിനകം പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ ഇതേ വാദവുമായി ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു
അതേ സമയം കുഞ്ഞാമിനയുടെ മക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കേസന്വേഷണം ഏതെങ്കിലും ഉന്നതമായ ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടെങ്കിലും സർക്കാർ ഈ ആവശ്യത്തോട് വർഷം ഏഴ് പൂർത്തിയാാവുമ്പോഴും അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.മുമ്പ് ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് കുഞ്ഞാമിന വധവുമായി ബന്ധപ്പെട്ട കേസന്വേഷണം എവിടെ വരെയെത്തിയെന്ന ചോദ്യത്തിന് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുവെന്ന മറുപടിയാണ് സർക്കാർ നൽകിയത്.എന്നാൽ ഇപ്പോഴും മുഴുവൻ പ്രതികളെ പിടികൂടുവാനോ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനോ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. അന്വേഷണം തൃപ്തികരമായി നടക്കുന്നില്ലെന്ന വ്യാപക ജനകീയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ സജീവ് ജോസഫ് എംഎൽഎ മാധ്യമത്തെ അറിയിച്ചു.
പ്രതികൾ നടത്തിയത് 100ലേറെ കവർച്ചകൾ
ഇരിക്കൂർ: തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 100 ലേറെ കവർച്ചക്കേസുകളിൽ പ്രതികളാണ് മൂവർ സംഘമെന്ന് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കേരള പൊലീസ് കണ്ടെത്തി. പല സ്ഥലത്തും പല പേരുകളിലാണ് സംഘം താമസിച്ചിരുന്നത്. 2013 ജനുവരിയിൽ ആന്ധ്രാപ്രദേശിലെ ഓംഗോളിൽ അയൽവാസിയായ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയതാണ് ഇതിൽ ഏറ്റവും വലിയ കവർച്ച. തുടർന്ന് സംഘം ഹൈദരാബാദിലേക്ക് രക്ഷപ്പെട്ടു. ഇവിടെ താമസിക്കുന്നതിനിടെ ഓംഗോൾ പൊലീസ് ഇവിടെയെത്തി മൂവർ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഓംഗോൾ പൊലീസിൽ മൂവരും കൊടുത്ത പേരും മേൽവിലാസവും തിരിച്ചറിയൽ കാർഡും വ്യാജമായിരുന്നു. സൗമ്യ രംഗ വാല (55), സമീറ (28), ഇല്യാസ് (26) എന്നിങ്ങനെയാണ് ഇവിടെ എഫ്ഐആറിൽ റജിസ്റ്റർ ചെയ്ത പേരുകൾ. 37 ദിവസം ഇവിടെ ജയിലിലായിരുന്നു പ്രതികൾ. സംഘത്തിലെ മുതിർന്ന സ്ത്രീ അപസ്മാരം അഭിനയിച്ച് മൂന്ന് തവണ ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ട് സഹപ്ര വർത്തകരിൽ നിന്നായി 10,000 രൂപ ശേഖരിച്ച് ഇവർക്ക് നൽകുകയും ജാമ്യത്തിനായി ഗുണ്ടൂർ സ്വദേശിയായ ബാലകൃഷ്ണറാവു എന്ന വക്കീലിനെ ഏർപ്പാടാക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങി മുങ്ങിയ മൂവർക്കുമെതിരെ ഓംഗോൾ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്
➖️➖️➖️➖️➖️➖️➖️➖️➖️
0 Comments