മഞ്ഞൾ ഗ്രാമം പദ്ധതിയുമായി ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്

✍🏻 മുഹ്സിൻ ഇരിക്കൂർ 
ഇരിക്കൂർ : ഇരിക്കൂർ കാർഷിക മേഖലയ്ക്ക് മുൻഗണന നൽകി ഇരിക്കൂർ പഞ്ചായത്ത് ബജറ്റ് അവത രിപ്പിച്ചു. 25,11,64,522 രൂപ വരവും 24,80,95,000 ചെലവും 30,69,522 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.കെ.വിനിൽ കുമാറാണ് അവതരിപ്പിച്ചത്.
കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. മട്ടുപ്പാവ് പച്ചക്കറി കൃഷി, മൺ ചട്ടി വിതരണം, കിഴങ്ങു വർഗ കിറ്റ് വിതരണം, മഞ്ഞൾ ഗ്രാമം, തേനീച്ചപ്പെട്ടി വിതരണം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 22 ലക്ഷം രൂപ നീക്കിവച്ചു. മൃഗ സംരക്ഷണ മേഖലയിൽ കന്നുകുട്ടി പരിപാലനം, മരുന്നു വാങ്ങൽ, കറവപ്പശു വിതരണം, പെണ്ണാട് വിതരണം, മുട്ടക്കോഴി വിതരണം എന്നിവയ്ക്കായി 11 ലക്ഷം രൂപ വകയിരുത്തി.


ഇരിക്കൂറിന്റെ ചരിത്രവും പൈതൃകവും കൂട്ടിയിണക്കിയുള്ള സമഗ്ര ടൂറിസം പദ്ധതി ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മണ്ണൂർ പാലത്തിനു സമീപം സായാഹ്ന പാർക്ക് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവച്ചു. ഭവനരഹിതർക്ക് വീടുനിർമിക്കാൻ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ വകയിരുത്തി.
അങ്കണവാടി പോഷകാഹാര പദ്ധതിക്കായി 23 ലക്ഷം രൂപയും ഭിന്നശേഷി സ്കോളർഷിപ്പിനായി 5 ലക്ഷം രൂപയും നീക്കിവച്ചു. കുളിഞ്ഞ ദേവീവിലാസം എൽപി സ്കൂൾ, പട്ടുവം വാണീവിലാസം എഎൽപി സ്കൂൾ എന്നിവയ്ക്ക് പൊതു ശുചിമുറി നിർമാണത്തിനായി 10 ലക്ഷം രൂ പയും എസ്എസ്എയുടെ പ്രവർത്തനത്തിന് 4 ലക്ഷം രൂപയും വകയിരുത്തി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക പ്രവൃത്തിക്കും തൊഴുത്ത് നിർമാണം, ആട്ടിൻ കൂട് നിർമാണം, കോഴിക്കൂട് നിർമാണം, കംപോസ്റ്റ് പിറ്റ് നിർമാണം, സോക്പിറ്റ് നിർമാണം, അസോള ടാങ്ക് നിർമാണം, കിണർ റീചാർജിങ്, കിണർ നിർമാണം, ബാഡ്മിന്റൺ കോർട്ട് നിർമാണം എന്നിവയ്ക്കും റോഡ് കോൺക്രീറ്റിനും ലൈഫ് ഭവന പദ്ധതിക്ക് 90 ദിവസത്തെ തൊഴിലിനും കൂടി 12 കോടി രൂപയും നീക്കിവെച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് അധ്യക്ഷത വഹിച്ചു. എൻ.കെ.കെ മുഫീദ, കെ.ടി.നസീർ, ടി.പി ഫാത്തിമ, കെ.ടി അനസ്, എം.പി അഷ്റഫ്, എൻ.കെ സുലൈഖ ടീച്ചർ, ബിപി നലീഫ, ശബ്നം, സി.രാജീവൻ, എം.വി.മിഥുൻ, കെ.കവിത എന്നിവർ ചർച്ചയിൽ
പങ്കെടുത്തു.