ഇരിക്കൂറിനും വേണം ചെക്ക് ഡാം

മുഹ്സിൻ ഇരിക്കൂർ

ഇരിക്കൂർ : ആയിപ്പുഴ, തുമ്പോൽ, പാലമുക്ക്, കാളാമ്പ്ര, കൂരാരി, പൈസായി, പട്ടീൽ, നിടുവള്ളൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഇരിക്കൂർ പുഴക്ക് കുറുകെ ചെക്ക് ഡാം നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തം.
 നേരത്തെ സമൃദ്ധമായിരുന്നതും ഏത് സമയത്തും കരകവിഞ്ഞൊഴുകിയിരുന്ന ഇരിക്കൂർ പുഴ പഴശ്ശി ഡാം വന്നതോടെ വരണ്ടുണങ്ങിയിരിക്കുകയാണ്. ഇതോടുകൂടി ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം അതിരൂക്ഷമാവുകയും കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ താളം തെറ്റുകയും ചെയ്തിരിക്കുന്നു.

 ഇതിനൊരു ശാശ്വതമായ പരിഹാരമെന്ന രീതിയിൽ ഇരിക്കൂർ,ആയിപ്പുഴ, നിലാമുറ്റം, മാമാനം എന്നീ പ്രദേശങ്ങൾ ഉൾചേർത്തുകൊണ്ട് ഒരു ചെക്ക് ഡാം പണിയുകയാണെങ്കിൽ കാർഷികാവശ്യത്തിന് വെള്ളവും അതുപോലെതന്നെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരവും ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ നിരീക്ഷണം.

 ഇരിക്കൂർ ഒരു മിനി ടൂറിസ്റ്റ് ഹബ്ബായി മാറാൻ പോകുന്ന ഈ സന്ദർഭത്തിൽ ഇരിക്കൂർ പുഴയിലൂടെ ബോട്ടിംഗ്,കയാക്കിങ്, ഹൗസ് ബോട്ടിംഗ് സർവീസുകൾ ആരംഭിക്കുവാനും സാധിക്കും. ചെക്ക് ഡാം വരുന്നതോടുകൂടി ഇരിക്കൂർ ഒരു ജല ടൂറിസ്റ്റ് ഹബ്ബായി മാറും. ഇരിക്കൂറിൽ നിന്ന് വളപട്ടണം പുഴയിലേക്ക് സുഖമമായ ജല ഗതാഗതം ആരംഭിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

 ഒരുകാലത്ത് തടി വ്യവസായത്തിന്റെയും മലഞ്ചരക്ക് വ്യാപാരത്തിന്റെയും ഈറ്റില്ലമായിരുന്ന വളപട്ടണവും ഇരിക്കൂറും ചെക്ക് ഡാം വരുന്നതോടുകൂടി പൂർവപ്രതാപത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇരിക്കൂറിലെ ജനത.

 
 2015ൽ അന്നത്തെ ജല വിഭവ മന്ത്രിയായിരുന്ന പി.ജെ ജോസഫ് ഇരിക്കൂർ ജലനിധി ഉദ്ഘാടനത്തിന് വന്നപ്പോൾ ഇരിക്കൂറിൽ ചെക്ക് ഡാം (തടയണ) നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാറിമാറി വന്ന സർക്കാറുകൾ ഈ വിഷയത്തിൽ മെല്ലെ പോക്ക് സമീപനമാണ് സ്വീകരിച്ചതെന്നാണ് ജനങ്ങളുടെ ആരോപണം. ഇപ്പോഴത്തെ ഇരിക്കൂർ എം.എൽ.എയായ അഡ്വ : സജീവ് ജോസഫിന്റെ വികസന പദ്ധതിയിൽ ഈ പദ്ധതി ഉൾപ്പെടുത്താൻ ഇരിക്കൂർ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എംഎൽഎയുടെ വികസന പദ്ധതിയിലൂടെ ചെക്ക് ഡാം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇരിക്കൂർ നിവാസികൾ.

ചിത്രം : ഇരിക്കൂർ പുഴ