റമദാൻ ചിന്തകൾ
✍️ ഐ കെ പി ഇരിക്കൂർ
ഒരു കല്ല് കെട്ടുകാരൻ 8 മണിക്കൂർ താല്പര്യത്തോടെ പണിയെടുത്താൽ വൈകുന്നേരമാവുമ്പോൾ ഒരു ചുമരിന്റെ പണി പൂർത്തിയാകുമായിരിക്കും,
തേപ്പ് കാരനും ആശാരിയും കണക്കെഴുത്തുകാർക്കും കച്ചവടക്കാർക്കുമൊക്കെ സമയം ചിലവഴിച്ചു പണിയെടുത്താൽ നിശ്ചിത സമയത്തിന് ശേഷം ക്രീയേറ്റീവ്ആയ എന്തൊക്കെയോ ബാക്കിയുണ്ടാവും.
അങ്ങിനെയെങ്കിൽ ഒരു കാര്യം ആലോചിച്ചു നോക്കിയാലോ ?
പരിശുദ്ധ റമദാനിന്റെ രാവും പകലും വളരെ ദീർഘനേരമെടുത്ത് ഖുർആൻ ഓതിയും തറാവീഹ് നമസ്കരിച്ചും ദിക്ർ ചൊല്ലിയും സ്വലാത്ത് ചൊല്ലിയും നാം ഒരുക്കൂട്ടുന്നതെന്താണ്?
സംശയമില്ല പുണ്യമാണത് .
തീർച്ചയായും അല്ലാഹു അവനിങ്കൽ നമുക്കുള്ള പുണ്യങ്ങൾ രേഖപ്പെടുത്തി വെക്കുന്നുണ്ട്
നാളെ പരലോകത്ത് കർമ്മങ്ങളുടെ തൂക്കം നോക്കുമ്പോൾ നാം ചെയ്ത ഈ ഇബാദത്തുകളൊക്കെ കനം തൂങ്ങുമെന്നും നമുക്ക് പ്രതീക്ഷിക്കാം
പക്ഷെ അത് പോരല്ലോ...
നോമ്പു കൊണ്ടും നോമ്പിലെ പ്രത്യേകമായ രീതി കൊണ്ടും ഇബാദത്കൊണ്ടും നാം നേടിയെക്കണമെന്ന് അല്ലാഹു പറഞ്ഞ മറ്റൊന്നു കൂടിയുണ്ടല്ലോ
'തഖ് വ' , 'സ്വബ്ർ'
എന്താണത്?
എങ്ങിനെയാണ് അതിന്റെ രൂപഭാവം?
അവയുടെ നിർവചനങ്ങൾ നമുക്കറിയാം ഒരു പാട് പ്രഭാഷണങ്ങളിലൂടെ നാമത് മനസ്സിലാക്കിയിട്ടുണ്ട്
കല്ലും മുള്ളും നിറഞ്ഞ വഴിലൂടെ നടന്നു പോകുമ്പോൾ കാണിക്കേണ്ടുന്ന ശ്രദ്ധ പോലെ ജീവിതത്തിന്റെ എല്ലാ മേഖലയിലും സൂക്ഷ്മത പാലിക്കാനാവുക, ഏത് പ്രതിസന്ധിഘട്ടങ്ങളിലും ദീനിന്റെ പാതയിൽ ശക്തിയായി ഉറച്ചു നിൽക്കാനാവുക എന്നതൊക്കെ നമുക്ക് അർത്ഥം പറയാം, പ്രസംഗിക്കാം. .
പക്ഷെ നമുക്കതെങ്ങിനെയാണ് ഫീൽ ചെയ്യുക?
ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും പ്രയോഗവത്കരിക്കുന്നതിലൂടെയാണല്ലോ നമ്മുടെ
ത ഖ് വയും സ്വബ്റും നമുക്ക് തന്നെ അനുഭവപ്പെടാനാവുക
അപ്പോൾ ഞാൻ എന്റെ ജീവിതത്തിലെ ഏതൊക്കെ മേഖലയിലാണ് ഈ (തഖ് വ ) സൂക്ഷ്മത കാണിക്കേണ്ടതെന്ന് തിരിച്ചറിയാനാവുക എന്നത് പ്രധാനമാണ്
യഥാർത്ഥത്തിൽ ആത്മസംസ്കരണമാണ് നടക്കേണ്ടത്
നമ്മുടെ ഹൃദയന്തരാളങ്ങളിലെ ഇരുട്ടിലേക്ക് ശ്കതമായി വെളിച്ചം തെളിച്ച് അവിടെ അലങ്കോലമായിക്കിടക്കുന്ന ഓരോന്നിനെയും ആദ്യം വേർതിരിച്ചറിയാനാവണം,
എന്നിട്ട് ഓരോന്നിനെയും പ്രത്യേകം അടുക്കി വെച്ച് കൃത്യപ്പെടുത്തി വെക്കാനാവണം,
ഹൃദയഭിത്തികളിൽ അടിഞ്ഞു കൂടിക്കിടക്കുന്ന സകല കീടങ്ങളെയും ശുദ്ധീകരിച്ച് ഹൃദയം തിളക്കമുറ്റതാക്കണം
'വിശുദ്ധ ഖുർആനാണ്''
ആ ടോർച് വെളിച്ചം..
ഖുർആനിന്റെ ജീവിത കാഴ്ചപാടിനോട് താരതമ്യം ചെയ്താണ് നമ്മുടെ സംസ്കരണ പദ്ധതി പൂർത്തിയാക്കേണ്ടത്..
സത്യത്തിൽ അതിനു വേണ്ടിയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഈ റമദാൻ കാലം പരിശീലനക്കാലം...
സകല വൈകാരികേച്ഛകളെയും പിടിച്ചു നിർത്തി, അനാവശ്യമായ പലതിൽ നിന്നും വിട്ടു നിന്ന്, കണ്ടെത്താനാവുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തി, ഖുർആൻ വായിച്ച് പഠിച്ച് മനനം ചെയ്ത് ചിന്തയുടെ മൂശയിൽ ജീവിതത്തിന്റെ കയ്ചപ്പാടുകളെ രൂപപ്പെടുത്തി, നിലപാടുകൾക്ക് മൂർച്ചകൂട്ടി ദീനിന്റെ പാതയിൽ ശക്തമായ പാദങ്ങളോടെ നിലയുറപ്പിക്കാനാവുന്ന കടുത്ത പരിശീലനം.....
ഗൗരവബോധത്തോടെ ചിന്തോദ്ദീപങ്ങളായ നിമിഷങ്ങളാക്കി നോമ്പിന്റെ നിമിഷങ്ങളെ ഉരുക്കിയെടുക്കുന്നവർക്ക് മാത്രം സാധ്യമാകുന്ന പരിശീലനം ....
ഇങ്ങനെ മാത്രമേ നോമ്പ് ശരിയാവൂ എന്നല്ല പറഞ്ഞു വരുന്നത് ഓരോരുത്തർക്കും നോമ്പിലൂടെ അവരവരുടെ പരിസരങ്ങൾക്കൊത്ത ആത്മനിർവൃതി നേടിയെടുക്കാനാവുന്നുണ്ടാവും. .
എണ്ണം വെച്ച് ചൊല്ലിയും ഓതിയും നിസ്കരിച്ചും കഴിഞ്ഞു കൂടുന്ന സാധാരണക്കാർ മുതൽ മുസ്ലിം സഹോദരങ്ങൾക്ക് വേണ്ടി ഇഫ്താറൊരുക്കി നൽകുന്ന മറ്റ് മതത്തിലെ സഹോദരങ്ങൾ വരെ നോമ്പിന്റെ ചൈതന്യത്തെ വിത്യസ്ത അളവുകളിൽ സാംശീകരിക്കുന്നവരാണ്
അപ്പോഴും വിശ്വാസികൾ നോമ്പു കൊണ്ട് നേടിയെടുക്കണമെന്ന് അല്ലാഹു പറഞ്ഞ തഖ് വ യെ ശരിയായി ഉൾകൊള്ളൽ വിശ്വാസികളിൽ ബാധ്യതയാണ് ..
അല്ലെങ്കിൽ വെറും എണ്ണം വെച്ച് ഓതിത്തീർക്കുന്നത് മാത്രമായി ഖുർആൻ ചുരുങ്ങി നിന്നു പോകും,
നമസ്കാരത്തിന്റെ എണ്ണത്തേക്കുറിച്ചുള്ള സംശയങ്ങൾ മാറാതെയും...
അല്ലാഹു എവരെയും അനുഗ്രഹിക്കട്ടെ
(ഇരിക്കൂർ വാർത്ത :
റമദാൻ സ്പഷ്യൽ )
0 Comments