മുഹ്സിൻ ഇരിക്കൂർ
ഇരിക്കൂർ : മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള സർക്കാറിന്റെ അവഗണന തുടർക്കഥയാവുന്നുവെന്ന നിരന്തരമായ മുറവിളികൾക്കൊടുവിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ഇരിക്കൂർ നിവാസികളുള്ളത്.
വളരെ വ്യവസ്ഥാപിതമായി നടന്ന് കൊണ്ടിരുന്ന കിടത്തി ചികിത്സയും രാത്രികാല ഡോക്ടർ സേവനവും ഇപ്പോൾ കിട്ടാകനിയായിരിക്കുകയാണ്.വലിയ വാഗ്ദാനങ്ങൾ ഒന്നും നമുക്ക് വേണ്ടതില്ലെന്നും ഉണ്ടായിരുന്ന കിടത്തി ചികിത്സയും രാത്രികാല ഡോക്ടർ സേവനവും തിരികെ നൽകുമോ എന്നാണ് ഇരിക്കൂർ ജനത ചോദിക്കുന്നത്. ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി ഇരിക്കുകയാണ്. പേരിനുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി കേഡറിൽ 4 പേര്,അസി സർജൻമാർ 4 പേര്, ഒരു ഗൈനഗോളജിസ്റ്റ്, ഒരു പീഡിയാർടീഷ്യൻ എന്നിങ്ങനെ 10 ജീവനക്കാർ വേണ്ടിടത്ത് നിലവിൽ കുറച്ചു ജീവനക്കാർ മാത്രമാണുള്ളത്. ഗൈനക്കോളജി ഡോക്ടർ അനാരോഗ്യത്തെ തുടർന്ന് ദീർഘകാല അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഉച്ച കഴിഞ്ഞും ഒപി സേവനം ഉള്ളതിനാൽ ഫലത്തിൽ രാവിലെ രണ്ട് ഡോക്ടർമാരുടെയും അവധി ദിവസങ്ങളിൽ ഒരു ഡോക്ടറുടെയും സേവനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്
കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്താണ് സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇരിക്കൂർ ആശുപത്രിയെ കാഷ്വാലിറ്റിയോട് കൂടിയ താലൂക്ക് ആശുപതിയായി ഉയർത്തുകയും ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്. അധിക തസ്തികയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായി നാല് സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു.
ഇരിക്കൂറിന് പുറമേ മട്ടന്നൂർ ,ശ്രീകണ്ഠപുരം, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നും പടിയൂർ, കൂടാളി, മലപ്പട്ടം, പയ്യാവൂർ, ഉളിക്കൽ, ഏരുവശ്ശി, ചെങ്ങളായി എന്നീ പഞ്ചായത്തുകളിൽ നിന്നുമായി ദിനംപ്രതി നൂറുക്കണക്കിന് രോഗികളാണ് ഇരിക്കൂർ താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തുന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് നിലകളിലായി 55,000 ചരുരശ്ര അടിയിൽ കെട്ടിട സമുച്ചയം,ബേസ്മെന്റ് വാഹന പാർക്കിംഗ്, കാന്റീൻ, വൈദ്യുതി റൂം, താഴെ നിലയിൽ സ്വീകരണം, പരിശോധനാ മുറികൾ, കാത്തിരിപ്പു കേന്ദ്രം, ഫാർമസി, എക്സറേ, ലബോറട്ടറി, അൾട്രാസൗണ്ട് സ്കാനിങ്ങ്, അത്യാഹിത വിഭാഗം,ഒന്നാം നിലയിൽ സ്ത്രീ പുരുഷ, കുട്ടികളുടെ വാർഡുകളും ഡയാലിസ് കേന്ദ്രം, ഡോക്ടർമാരുടെ മുറികൾ,രണ്ടാം നിലയിൽ രോഗികൾക്കുള്ള മുറികൾ, ജനറൽ വാർഡ്, ലേബർ വാർഡ്, ഡ്യൂട്ടി റൂം,
മൂന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ, പ്രസവ തിയേറ്റർ, തീവ്രപരിചരണ വിഭാഗം,ഇന്റൻസീവ് കെയർ യൂണിറ്റ് എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതിക്കാണ് നബാർഡ് ഫണ്ട് അനുവദിച്ചത്. ഈ കെട്ടിടങ്ങളുടെ ശിലാസ്ഥാപനമാണ് ഇന്ന് മന്ത്രി നിർവഹിക്കുന്നത്.
ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനം യാഥാർഥ്ത്യമാക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫ് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് നിവേദനം നൽകിയതിന്റെയും ജനങ്ങളുടെ നിരന്തരമായ മുറവിളികൾക്കൊടുവിലാണ് ഇന്ന് ആരോഗ്യ മന്ത്രി പുതിയ കെട്ടിടത്തിലെ ശിലാസ്ഥാപനം നിർവഹിക്കുന്നത്.
ഈ വിഷയത്തിൽ മാധ്യമം വ്യത്യസ്തമായ സമയങ്ങളിൽ വാർത്തകൾ നൽകുകയും ചെയ്തിരുന്നു.
0 Comments