പഴശ്ശി പദ്ധതി പ്രദേശത്തെ മരം മുറിച്ച് കടത്തുന്നതിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തം 

ഇരിക്കൂർ : പടിയൂർ നിടിയോടിയിൽ പഴശ്ശി ജലസേചന പദ്ധതിയുടെ സംഭരണ പ്രദേശത്ത് വനം വകുപ്പ് നട്ടുപിടിപ്പിച്ച മരങ്ങൾ അജ്ഞാത സംഘം മുറിച്ചു കടത്തി.വൻ വിലവരുന്ന മുപ്പതിലേറെ കൂറ്റൻ അക്കേഷ്യ, മാഞ്ചിയം മരങ്ങളാണ് മോഷണം പോയത്. ആവർത്തന കൃഷിയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപാണ് വനം വകുപ്പ് മരങ്ങൾ നട്ടുപിടിപ്പിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നേരത്തേ ഇവിടെ സ്ഥാപിച്ചിരുന്ന ഗേറ്റ് സാമൂഹികവിരുദ്ധർ തകർത്തിരുന്നു. പിന്നീട് പുഴക്കര വികസനസമിതിയും ഇരിക്കൂർ പൊലീസും ചേർന്ന് ഇവിടേക്കുള്ള പ്രവേശനം തടയുന്നതിന്റെ ഭാഗമായി ഗേറ്റ് സ്ഥാപിച്ചിരുന്നു. രാത്രി പുഴ വഴി മരങ്ങൾ മുറിച്ചു കടത്തിയതായാണു സൂചന.

 എന്നാൽ ലക്ഷങ്ങൾ വില വരുന്ന മരങ്ങൾ മോഷണം പോയിട്ടും വനം വകുപ്പ് അധികൃതർ ഇരിക്കൂർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്തില്ലയെന്നത് നാട്ടുകാർക്കിടയിൽ സംശയങ്ങൾ ഉളവാക്കുന്നുണ്ട്. വനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സാമൂഹ്യ വനവൽക്കരണ വിഭാഗം നിശ്ചിത തുക നൽകി കാവൽക്കാരനെ വെച്ചിട്ടുണ്ടെങ്കിലും പട്ടാപ്പകൽ ലക്ഷങ്ങളുടെ മരങ്ങൾ നഷ്ടപ്പെടുന്നതിലെ ദുരൂഹത നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913