ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് പുഴയിൽ ചാടി

ഇരിക്കൂർ : ഇരിക്കൂർ മാമാനം ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറിയ പശ്ചിമ ബംഗാൾ സ്വദേശി മുന്ന പുഴയിൽ ചാടി.ഇരിക്കൂർ പോലീസ്, മട്ടന്നൂർ ഫയർഫോഴ്സ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടുമണിക്കൂറോളം നീണ്ട് നിന്ന ശ്രമത്തിനൊടുവിൽ യുവാവിനെ രക്ഷപ്പെടുത്തി.

 വ്യാഴാഴ്ച രാത്രി അമ്പല പരിസരത്ത് വന്ന യുവാവ് ഗേറ്റ് അടച്ചതിനാൽ മടങ്ങി പോവുകയും വെള്ളിയാഴ്ച രാവിലെ വീണ്ടും അമ്പലത്തിലെത്തുകയായിരുന്നു. ഉച്ചയ്ക്ക് അമ്പലത്തിൽ നിന്ന് ഭക്ഷണവും കഴിച്ച് ക്ഷേത്ര സന്നിധാനത്തിലേക്ക് ഓടി കയറിയ യുവാവിനെ പ്രദേശവാസികൾ പിടികൂടി താഴത്തേക്ക് എത്തിക്കുമ്പോൾ അപസ്മാര ലക്ഷണം കാണിച്ചതിനാൽ കയ്യിൽ കെട്ടിയ തോർത്ത് മുണ്ട് അഴിച്ചുകൊടുത്തു. ആ സമയം യുവാവ് ക്ഷേത്ര പരിസരത്തെ പുഴയിലേക്ക് ചാടുകയായിരുന്നു.

  ഇരിക്കൂർ എസ്ഐ സത്യനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മട്ടന്നൂർ ഫയർഫോഴ്സിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവസ്ഥലത്ത് എത്തുകയും യുവാവിനെ പിടികൂടാനുള്ള ശ്രമം നടത്തുകയും ചെയ്തു. യുവാവ് മണിക്കൂറുകളോളം പുഴയിൽ ഉണ്ടായിരുന്ന മരത്തിൽ പിടിച്ചുനിൽക്കുകയായിരുന്നു.
ഇതിനിടയിൽ യുവാവ് മാനസിക വിഭ്രാന്തി കാണിക്കുകയും മുങ്ങാനുള്ള ശ്രമം നടത്തുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടു നിന്ന ശ്രമത്തിനൊടുവിൽ യുവാവിനെ രക്ഷപ്പെടുത്തി. യുവാവിന്റെ അരക്കെട്ടിൽ നിന്ന് ഫോണും ചാവിയും ഇരിക്കൂർ പോലീസിന് ലഭിച്ചിട്ടുണ്ട്.

 ഇരിക്കൂർ ഗവൺമെന്റ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിനെതിരെ കേസെടുത്തിട്ടില്ലെന്നും അഭയ കേന്ദ്രത്തിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇരിക്കൂർ എസ്ഐ നജ്മി  അറിയിച്ചു.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv