ഡോ.കെ.സി സുകുമാറിന്റെ വിയോഗം : ഇരിക്കൂറിന് നഷ്ടമായത് ജനകീയ ഡോക്ടറെ

ഇരിക്കൂർ : സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലുമായി 40 വർഷത്തോളം ഇരിക്കൂറിലെ ആതുര ശുശ്രുഷ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഡോ.കെ.സി സുകുമാറിന്റെ നിര്യാണത്തിൽ 100 കണക്കിന് പേർ അനുശോചനം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ നാഗർകോവിലിൽ ആയിരുന്നു ഡോക്ടറുടെ അന്ത്യം. 2 വർഷം മുമ്പാണ് പ്രായാധിക്യം കാരണം ഇരിക്കൂറിൽ നിന്ന് താമസം മാറ്റിയത്. ഇരിക്കൂറിലെ ജനകീയ ഡോക്ടറായിട്ടാണ് അദ്ദേഹത്തെ നാട്ടുകാർ വിശേഷിപ്പിച്ചത്. തന്റെ ഓ.പി.യിൽ വിഷമം സഹിച്ച് വരുന്നവർക്ക് അദ്ദേഹം സൗജന്യ ചികിത്സ നൽകി. മറ്റുള്ളവരിൽ നിന്ന് അവർ കൊടുക്കുന്ന പണം മാത്രം സ്വീകരിച്ചു. വിതരണം ചെയ്യുന്ന മരുന്നിന്റെ വിലയിലും കുറവു വരുത്തി. ഉന്നത ആശുപത്രികളിൽ നിന്ന് മടക്കി അയച്ച ഒട്ടേറെ പേരുടെ രോഗങ്ങൾ അദ്ദേഹത്തിന്റെ ചികിത്സ വഴി പൂർണ്ണസുഖം പ്രാപിച്ച  ഉദാഹരണങ്ങൾ ഉണ്ട്.

ശ്രീകണ്ഠാപുരത്തേ മുഹമ്മദ് ഡോക്ടറുടെ ജനകീയ മുഖം തന്നെയാണ് സുകുമാരൻ ഡോക്ടർക്കും ഉള്ളത്. ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഡോക്ടറുടെ വേർപാടിൽ അനുശോചിച്ചു. ഇരിക്കൂർ പ്രസ്സ് ഫോറവും അനുശോചിച്ചു. പ്രസി. യു.പി അബ്ദുൽ റഹ്മാൻ, മടവൂർ അബ്ദുൾ ഖാദർ,മുഹ്സിൻ ഇരിക്കൂർ, എം.പി ഹാരിസ്,രാജേഷ് കൊല്ലാറത്ത്, ഇ.കെ.ശ്രീധരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. കൊളപ്പ നന്മ ജനശ്രീ യോഗവും അനുശോചിച്ചു.